ആലപ്പുഴ: കനത്ത മഴയെ തുടർന്നു അച്ചൻകോവിലാറിലെ ജലനിരപ്പുയർന്നതോടെ ചെന്നിത്തല പാടശേഖരത്തിൽ വീണ്ടും മട വീഴ്ച. 250 ഏക്കർ 
പാടശേഖരം വെള്ളത്തിലായി. ചെന്നിത്തല പാമ്പനം ചിറയിലുള്ള രണ്ടാം ബ്ലോക്ക് പാടശേഖരത്തിൽ ഇന്നാണ് മട വീണത്. പാമ്പനം തോട്ടിൽ നിന്നും പമ്പിം​ഗ് നടത്തുന്ന പ്രധാന മോട്ടോർ തറയോടു ചേർന്ന ഭാഗത്താണ് മട വീണത്. തോട്ടിലെ ബണ്ടു ഭാഗികമായി ഇടിഞ്ഞു രണ്ടാം ബ്ലോക്കിലേക്കു പതിക്കുകയായിരുന്നു. 

വിവരമറിഞ്ഞ കർഷകരെത്തി മണ്ണുചാക്ക്, തെങ്ങിൻകുറ്റികൾ, മുള, വലിയ ടാർപോളീൻ എന്നിവയുപയോഗിച്ച് ഏറെ നേരം പണിപ്പെട്ടാണ് മട കെട്ടിയത്. എന്നാൽ 250 ഏക്കർ വരുന്ന പാടശേഖരം പൂർണ്ണമായും മുങ്ങി കിടക്കുകയാണ്. 7–ാം ബ്ലോക്കിലെ ഒരു മട കർഷകർ ചേർന്നു കെട്ടി. കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായ 1,6 ബ്ലോക്കു പാടശേഖരങ്ങളിലെ മട, കർഷകർ ചേർന്നു കെട്ടി ബലപ്പെടുത്തിയെങ്കിലും പാടത്തും തോട്ടിലും വെള്ളംകെട്ടിക്കിടക്കുന്നതിനാൽ കർഷകർ ആശങ്കയിലാണ്. കർഷകരുടെ ആവശ്യപ്രകാരം തോട്ടപ്പള്ളി സ്പിൽവേ തുറന്നതുമൂലം ചെന്നിത്തല പാടശഖരങ്ങളിലെ ജലനിരപ്പു താഴ്ന്നേക്കുമെന്ന് പ്രതീക്ഷയിലാണ് കർഷകരും കൃഷി വകുപ്പ് അധികൃതരും.