കായംകുളം അഗ്നിരക്ഷാ സേനയും പിന്നാലെ ആലപ്പുഴയിൽ നിന്ന് സ്കൂബാ ടീമും എത്തി നാലു മണിക്കൂറോളം തെരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല
ഹരിപ്പാട്: ക്ഷേത്ര ആറാട്ട് കുളത്തിൽ ആൾ മുങ്ങിപ്പോയതായുളള സംശയത്തെ തുടർന്ന് അഗ്നിരക്ഷാസേന തെരച്ചിൽ നടത്തി. മുതുകുളം മായിക്കൽ ദേവീക്ഷേത്ര ആറാട്ട് കുളത്തിലാണ് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് കുളത്തിൽ ഒരു ജോടി പുതിയ പാദരക്ഷകൾ കണ്ടത്. കുറച്ചു ഭാഗത്തെ പായലും മാറിയ നിലയിലായിരുന്നു. ഇക്കാരണങ്ങളാൽ ആരോ കുളത്തിൽ വീണതായുയുള്ള അഭ്യൂഹം പരന്നു.
തുടർന്ന് കായംകുളം അഗ്നിരക്ഷാ സേനയും പിന്നാലെ ആലപ്പുഴയിൽ നിന്ന് സ്കൂബാ ടീമും എത്തി നാലു മണിക്കൂറോളം തെരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി കുളത്തിനോട് ചേർന്നുളള റോഡിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി പറയുന്നു. ഇതിനിടയിൽ ആരുടെയെങ്കിലും പാദരക്ഷ വലിച്ചെറിഞ്ഞതാകാമെന്നാണ് സംശയം. ഇതെടുക്കാനായി ശ്രമിച്ചപ്പോൾ പായൽ മാറിയതാകാമെന്നുമാണ് നിഗമനം.
അതേസമയം, കൊല്ലത്ത് സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ (57), അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ വയലിൽ വീട്ടിൽ ചാക്കോ എന്ന അനിയൻകുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ഓടെ അയത്തിൽ പുളിയത്തുമുക്ക് പവർ ഹൗസിനടുത്തുള്ള കരുത്തർ മഹാദേവർ ക്ഷേത്രക്കുളത്തിലാണ് ദാരുണമായ അപകടമുണ്ടായത്. ഗിരികുമാറിന്‍റെ മൃതദേഹമാണ് ആദ്യം നാട്ടുകാർ കുളത്തിൽ കാണുന്നത്.
തുടർന്ന് ആംബുലൻസ് എത്തി മൃതദേഹം വാഹനത്തിലേക്ക് മാറ്റുന്നതിനിടയിലാണ് ചാക്കോയുടെ മൃതദേഹവും കുളത്തിൽ പൊങ്ങിയത്. ഇരുവരും കുളക്കരയിൽ സംസാരിച്ചിരിക്കുന്നതിനിടെ അനിയൻകുഞ്ഞ് അബദ്ധത്തിൽ തെന്നി കുളത്തിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരനെ രക്ഷിക്കാൻ ഇറങ്ങിയ ഗിരികുമാറും കുളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പരിസരത്തെ വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
