മുന്നിൽ പോയ ലോറി പെട്ടന്ന് യു ടേൺ എടുത്തതാണ് അപകട കാരണം. പിന്നാലെ വന്ന ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

പാലക്കാട് : ദേശീയപാതയിൽ വടക്കുമുറിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ബസിലെ ക്ളീനറായ തമിഴ്നാട് കടലൂർ സ്വദേശി കറുപ്പു ദുരൈയാണ് മരിച്ചത്. ദേശീയ പാതയിൽ കാഴ്ച്ചപറമ്പിനും കണ്ണന്നൂരിനും ഇടയിൽ വടക്കുമുറിയിൽ വെച്ചാണ് അപകടമുണ്ടായത്. 

തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും. മുന്നിൽ പോയ ലോറി പെട്ടന്ന് യു ടേൺ എടുത്തതാണ് അപകട കാരണം. പിന്നാലെ വന്ന ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരുകിലെ ഇലക്ട്രിക് പോസ്റ്റും അപകടത്തിൽ തകർന്നു. ബസിൽ 22 യാത്രക്കാരുണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു.