Asianet News MalayalamAsianet News Malayalam

'നികത്തിയ വയലുകൾ രണ്ടു മാസത്തിനകം പൂര്‍വ്വ സ്ഥിതിയിലാക്കണം'; ഷൊർണൂരില്‍ കര്‍ശന നടപടിയുമായി കളക്ടര്‍

ഷൊർണൂർ ഒന്ന്, രണ്ട് വില്ലേജുകളിലായി 373 പ്ലോട്ടുകൾ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയ നടപടിയാണ് അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്

palakkad collector stern action in Shornur  fields should be restored within two months
Author
Shornur, First Published Sep 23, 2021, 7:07 PM IST

ഷൊര്‍ണൂര്‍: പാലക്കാട് ഷൊർണൂർ നഗരസഭയിൽ കൃഷിഭൂമി നെൽവയൽ തണ്ണീർത്തട ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയ നടപടി ജില്ലാ കളക്ടർ റദ്ദാക്കി. ഷൊർണൂർ ഒന്ന്, രണ്ട് വില്ലേജുകളിലായി 373 പ്ലോട്ടുകൾ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയ നടപടിയാണ് അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്. കഴിഞ്ഞ ഏപ്രിൽ 21ന് ഷൊർണൂർ ഒന്ന്, രണ്ട് വില്ലേജുകളിലായി ഏക്കറുകണക്കിന്  കൃഷിഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി നഗരസഭ പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനമാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്.

അനുമതിയില്ലാതെ നികത്തിയ വയലുകൾ രണ്ടു മാസത്തിനകം പൂർവ്വസ്ഥിതിയിലാക്കണമെന്നും കളക്ടർ ഉത്തരവിട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കാന്‍ ഒറ്റപ്പാലം സബ് കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. കൃഷി ഭൂമി തരം മാറ്റിയതിനെതിരെ  കാരക്കാട് പാടശേഖരസമിതിയാണ് പരാതി നല്‍കിയത്.  ഭാരതപ്പുഴയുടെ തീരത്തുള്ള കൃഷിസ്ഥലങ്ങൾ വരെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയെന്നായിരുന്നു പരാതി.  

റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണ് കൃഷിഭൂമി തരം മാറ്റി ഗസറ്റ് വിജ്ഞാപനം ഇറക്കിയതെന്ന് കണ്ടെത്തിയിരുന്നു. വീട് നിർമ്മിക്കുന്നതിന്‍റെ ഭാഗമായി നിലം തരം മാറ്റാനുള്ള സാധാരണക്കാരുടെ അപേക്ഷ കെട്ടിക്കിടക്കുമ്പോഴാണ് വൻകിടക്കാരെ സഹായിക്കാൻ ഏക്കറ് കണക്കിന് ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി നൽകിയത്. 2018 ഡിസംബർ 15ലെ സർക്കാർ ഉത്തരവ് പ്രകാരം കൃഷിഭൂമി തരം മാറ്റി നൽകുന്നതിന് ആർഡി ഒയ്ക്ക് മാത്രമേ അധികാരമുള്ളൂ. ഇതും കൃഷി - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ മറികടന്നിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios