ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു
ഒഴുക്കില്‍പ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നാമത്തെ യുവാവും മരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മൂന്ന് പേരും മരണത്തിന് കീഴടങ്ങി. നേരത്തെ ഒഴുക്കില്‍പ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബാദുഷയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപതിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് മെമ്പർ അനസ് പറഞ്ഞു.