നെല്ല് സംഭരണത്തിലെ താളപ്പിഴകൾ കർഷകർക്ക് തിരിച്ചടിയാവുകയാണ്. കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളായിട്ടും സംഭരണം പാതിവഴിയിലായിരിക്കുകയാണ്

പാലക്കാട്: രണ്ടാം വിളയുടെ കൊയ്ത്ത് പൂർത്തിയായിട്ടും എങ്ങുമെത്താതെ സപ്ലൈകോയുടെ നെല്ല് സംഭരണം. പാലക്കാട്ടെ നെൽ കർഷകരാണ് ഇടനിലക്കാരുടെ ചൂഷണത്തിലും ഉദ്യോഗസ്ഥരുടെ നിസംഗതയിലും വലയുന്നത്.

ഇത്തവണ രണ്ടാം വിള കർഷകർക്ക് സമ്മാനിച്ചത് മികച്ച വിളവാണ്. എന്നാൽ, നെല്ല് സംഭരണത്തിലെ താളപ്പിഴകൾ കർഷകർക്ക് തിരിച്ചടിയാവുകയാണ്. കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളായിട്ടും സംഭരണം പാതിവഴിയിലായിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന നെല്ല് നിസാര വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് വിൽക്കുകയാണ് മിക്ക കർഷകരും. സപ്ലൈകോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് കർഷക വിരുദ്ധ സമീപനമാണെന്നും ക‍ർഷകർ പറയുന്നു. 

കയിറ്റിറക്ക് കൂലിയിലെ ഏറ്റക്കുറച്ചിലുകളും കർഷകർക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. നെല്ല് സംഭരണത്തിന്‍റെ കാര്യത്തിൽ കർഷക സൗഹൃദ സംവിധാനം ഏർപ്പെടുത്തണമെന്നുള്ളതാണ് കർഷകരുടെ പ്രധാന ആവശ്യം. എന്നാൽ, സംഭരണത്തിലെ ചെറിയ വീഴ്ച്ചകൾ പരിഹരിച്ചു വരികയാണെന്ന് സപ്ലൈകോ പറയുന്നു.