തലയിലൂടെ മണ്ണെണ്ണയൊഴിച്ച് വീടിന്റെ കാർ പോർച്ചിലെത്തി സ്വയം തീകൊളുത്തി, പാലക്കാട്ട് യുവതി മരിച്ചു
തലയിലൂടെ മണ്ണെണ്ണയൊഴിച്ച് വീടിന്റെ കാർ പോർച്ചിലെത്തി സ്വയം തീകൊളുത്തി, പാലക്കാട്ട് യുവതി മരിച്ചു

പാലക്കാട്: ചാലിശ്ശേരി പെരുമണ്ണൂരിൽ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. പെരുമണ്ണൂർ സുരഭി നിവാസിൽ സിന്ധുവാണ് മരിച്ചത്. 49 വയസായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. തലയിലൂടെ മണ്ണെണ്ണ ഒഴിച്ച് വീടിന്റെ മുൻവശത്തെ കാർ പോർച്ചിൽ എത്തിയ ശേഷം സ്വയം തീ കൊളുത്തുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും മറ്റും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തീയണച്ച ശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സിന്ധുവിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും വൈകിയിരുന്നു. 95 ശതമാനം പൊള്ളലേറ്റ സിന്ധു ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കടവല്ലൂർ സ്വദേശി കണ്ണനും പൊള്ളലേറ്റിട്ടുണ്ട്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Read more: എഞ്ചിനീയറിങ് പരിക്ഷയില്‍ രണ്ട് തവണ തോറ്റ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
അതേസമയം, കോഴിക്കോട് വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ട്യാട്ട് മീത്തൽ ശ്രീജേഷാണ് (44) മരിച്ചത്. അറക്കിലാട് നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. ശ്രീജേഷിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്‍റെ ബൈക്ക് കണ്ടെത്തിയത്.
അറക്കിലാട്ടെ ഇടവഴിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. തുടർന്ന് പ്രദേശത്ത് തെരച്ചലിലാണ് നിർമാണത്തിലിരിക്കുന്ന വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാർപെന്‍റർ ജോലി ചെയ്യുന്ന ശ്രീജേഷ് ഈ വീട്ടിന്റെ പ്രവൃത്തിയും ചെയ്തുവരികയായിരുന്നു. വിവരമറിഞ്ഞ് വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം