പാലത്തിന്റെ അപ്രോച്ച് റോഡടക്കം ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. എന്നിട്ടും റെയില്‍പാളത്തിന് മുകളിലൂടെയുള്ള നിര്‍മ്മാണത്തിന് റെയില്‍വേയുടെ അനുമതി അനന്തമായി നീളുകയാണ്

കാസർകോട്: നിര്‍മ്മാണം തുടങ്ങി നാല് വര്‍ഷമായിട്ടും കാസര്‍കോട് ജില്ലയിലെ നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം പണി പൂര്‍ത്തായായില്ല. റെയില്‍വേ ലൈനിന് മുകളിലുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കാനുള്ള പ്രത്യേക അനുമതി ലഭിക്കാത്തതാണ് നിർമ്മാണം അനന്തമായി നീളാൻ കാരണം. 2018 ൽ നിർമ്മാണം തുടങ്ങിയ പാലം പണി 2020 ൽ പൂർത്തിയാകേണ്ടതായിരുന്നു.

പാലത്തിന്റെ അപ്രോച്ച് റോഡടക്കം ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. എന്നിട്ടും റെയില്‍പാളത്തിന് മുകളിലൂടെയുള്ള നിര്‍മ്മാണത്തിന് റെയില്‍വേയുടെ അനുമതി അനന്തമായി നീളുകയാണ്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയാണ് സാങ്കേതിക കുരുക്കില്‍ കുടുങ്ങിക്കിടക്കുന്നത്.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അനുമതി വേഗത്തിലാക്കാൻ അപേക്ഷ നല്‍കിയെങ്കിലും പവർ കം ലൈന്‍ ബ്ലോക്കിംഗ് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് ദിവസവും നാല് മണിക്കൂര്‍ വീതം 11 ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതവും വൈദ്യുതി ബന്ധവും വിഛേദിക്കുന്നതിനുള്ള അനുമതിയാണിത്.

ദേശീയ പാതയില്‍ ഗതാഗത തടസം സൃഷ്ടിക്കുന്ന റെയില്‍വേ ഗേറ്റാണ് പള്ളിക്കരയിലേത്. ദിവസവും ഗേറ്റില്‍ കുടുങ്ങുന്നത് ആംബുലന്‍സ് അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ്. എന്നിട്ടും നിര്‍മ്മാണം വേഗത്തിലാക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നില്ല. 2020 ല്‍ പൂര്‍ത്തിയാകേണ്ട പാലം 2022 അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും പൂർത്തിയാക്കാനായിട്ടില്ല. നിർമ്മാണം അനന്തമായി നീളുന്നത് സർക്കാരുകൾക്കും റെയിൽവെക്കും യാത്രക്കാർക്കും വലിയ ബാധ്യതയാണ്.