Asianet News MalayalamAsianet News Malayalam

പള്ളിപ്പുറം സ്വർണ്ണക്കവർച്ചാ കേസ്: മുഖ്യപ്രതിയും കൂട്ടാളികളും പിടിയിൽ

നാല് മാസമായി പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന നിരവധി വധശ്രമ, കവർച്ചാ കേസുകളിലെ പ്രതിയും പള്ളിപ്പുറം കവർച്ചാ കേസിലെ മുഖ്യപ്രതിയുമായ ജാസിംഖാനും സംഘവുമാണ് പിടിയിലായത്. 

Pallippuram gold robbery case Chief accused and his accomplices arrested
Author
Kerala, First Published Aug 9, 2021, 6:57 PM IST

തിരുവനന്തപുരം: പള്ളിപ്പുറം സ്വർണ്ണകവർച്ച കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും പിടിയിൽ. നാല് മാസമായി പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന നിരവധി വധശ്രമ, കവർച്ചാ കേസുകളിലെ പ്രതിയും പള്ളിപ്പുറം കവർച്ചാ കേസിലെ മുഖ്യപ്രതിയുമായ ജാസിംഖാനും സംഘവുമാണ് പിടിയിലായത്. 

മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിപ്പുറത്തിന് സമീപം ദേശീയപാതയിൽ സ്വർണ്ണവ്യാപാരിയെ കാർ തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണ്ണക്കവർച്ച നടത്തിയ സംഭവത്തിലാണ് കഴക്കൂട്ടം മണക്കാട്ട് വിളാകം ജസീലാ മൻസിലിൽ ജാസിംഖാൻ (28), വെയിലൂർ മംഗലപുരം എം.കെ നഗറിൽ ബൈദുനൂർ ചാരുമൂട് വീട്ടിൽ അജ്മൽ (25), മേൽ തോന്നയ്ക്കൽ കല്ലൂർ ആർഎൻ കോട്ടേജിൽ മുഹമ്മദ്റാസി (23) എന്നിവർ പിടിയിലായത്.

മംഗലപുരം പൊലീസും , തിരുവനന്തപുരം റൂറൽ ഷാഡോ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കവർച്ച നടത്തിയശേഷം പ്രതികൾ ബെംഗളൂരുവിലേക്കും അവിടെ നിന്നും ഗോവയിലേക്കും കാർ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരെയും ഇവർ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിരുന്നു. 

അന്വേഷണസംഘം ഇവരെ പിടികൂടാനായി കർണ്ണാടകയിലും , ഗോവയിലും എത്തിയെങ്കിലും പ്രതികൾ അവിടെ നിന്നും മുംബൈയിലേക്ക് ഒളിത്താവളം മാറുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസക്കാലമായി ഇവർ മുംബൈയിൽ അന്തേരിയിലെ വിവിധയിടങ്ങളിൽ അധോലോക കൊട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. മുംബെ അന്തേരിയിലെ ഒളിത്താവളം അന്വേഷണസംഘം മനസ്സിലാക്കിയതറിഞ്ഞ് പ്രതികൾ തമിഴ്നാട് വഴി കേരളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. 

നിരവധി കവർച്ചാ, വധശ്രമ കേസുകളിലെ പ്രതിയായ ജാസിം ഖാനെതിരെ തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം , മംഗലപുരം ,കല്ലമ്പലം , വർക്കല എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലും അനവധി കേസുകൾ നിലവിലുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള കേസ്സുകൾ ചെയ്ത് ഒളിവിൽ പോയശേഷം നേരിട്ട് കോടതിയിൽ കീഴടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ഇത് മനസ്സിലാക്കിയ പൊലീസ് കോടതിക്ക് പുറത്ത് തുടർച്ചയായി ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ആദ്യമായാണ് ഇയാൾ നേരിട്ട് പോലീസിന്റെ പിടിയിലാകുന്നത്.

കവർച്ച ചെയ്ത് കിട്ടിയ സ്വർണ്ണം കേസ്സിലെ മുഖ്യ പ്രതിയായ ജാസിംഖാനാണ് വിവിധ സംഘാംഗങ്ങൾക്ക്‌ പകുത്ത് നൽകിയതും, വിറ്റതും, പണയം വെച്ചതും. കണ്ടെത്താനുള്ള 60 പവനോളം സ്വർണ്ണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇയാളിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കവർച്ച ചെയ്ത മുഴുവൻ സ്വർണ്ണവും കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഈ കേസിലെ മുഖ്യ ആസൂത്രകനും തമിഴ്നാട് ചെന്നൈയിൽ താമസക്കാരനുമായ സന്തോഷിനെയും രണ്ട് കൂട്ടാളികളെയും പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണ്ണക്കവർച്ചാ കേസിലെ പ്രധാന പ്രതികളെ അന്വേഷണ സംഘത്തിന് ഇപ്പോൾ പിടികൂടാനായത്.

കേസിൽ ഇതുവരെ ഇരുപത് പേർ പിടിയിലായി. 40 പവനോളം സ്വർണ്ണവും 73 000 രൂപയും വീണ്ടെടുത്തു. കവർച്ചയുമായി ബന്ധപ്പെട്ട് ആറ് കാറുക ളും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പികെ മധു ഐപിഎസി നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ്ബാബുവിന്റെയും , ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംകെ സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.

മംഗലപുരം പൊലീസ് ഇൻസ്പെക്ടർ എച്ച്എൽ.സജീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ എസ് ജയൻ , ഫ്രാങ്ക്ളിൻ ഷാഡോ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ, എഎസ്ഐ മാരായ ബി ദിലീപ് , ആർ ബിജുകുമാർ , അനൂപ് എന്നിവരാണ് നാല് മാസത്തോളമായി പോലീസിന് പിടിതരാതെ മുങ്ങി നടന്ന പ്രതികളെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അന്വേഷണ സംഘം കീഴടക്കിയത്.

Follow Us:
Download App:
  • android
  • ios