വള്ളികുന്നം: പുതിയ മൃഗാശുപത്രി ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം പൂട്ടുപൊളിച്ച് നടത്തി വള്ളികുന്നം പഞ്ചായത്ത് ഭരണസമിതി. മീനത്ത് ക്ഷീരോത്പാദക സഹകരണസംഘം കെട്ടിടത്തിലെ മുറിയുടെ പൂട്ടുപൊളിച്ച് വെള്ളിയാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പന്‍ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും വെറ്ററിനറി ഡോക്ടറുടെയും സാന്നിധ്യത്തില്‍ അതിക്രമിച്ചുകയറി മുറിയുടെ പൂട്ടുതകര്‍ത്തതിനെതിരേ സംഘം പ്രസിഡന്റ് വള്ളികുന്നം പൊലീസില്‍ പരാതി നല്‍കി.

പഞ്ചായത്ത് എല്‍ഡിഎഫും ക്ഷീരസംഘം യുഡിഎഫുമാണ് ഭരിക്കുന്നത്. ക്ഷീരസംഘം ഭരണസമിതിയെ യഥാസമയം ഉദ്ഘാടനവിവരം അറിയിച്ചില്ലെന്നാണ് ആക്ഷേപം. ഉപകേന്ദ്രം ഉദ്ഘാടനത്തിന് അധികൃതരെത്തിയപ്പോഴേക്കും ജീവനക്കാര്‍ മുറി പൂട്ടി പോയിരുന്നു. തുടര്‍ന്നാണ് ഷട്ടറിന്റെ താഴ് അറുത്തുമാറ്റി ഉദ്ഘാടനം നടത്തിയത്. വി.കെ. അനില്‍, എന്‍. വിജയകുമാര്‍, എ. അമ്പിളി, പ്രസന്ന, ഡോ. ശ്രീലേഖ, ഡോ. ശ്രീലത, രഘുനാഥപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

സംഘത്തിലെ ഒരു മുറി ഉപകേന്ദ്രത്തിന് വാടകയില്ലാതെ നല്‍കാമെന്ന് ക്ഷീരസംഘം ഭരണസമിതി രേഖാമൂലം മൃഗസംരക്ഷണവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, ഔദ്യോഗികമായി മുറി കൈമാറിയിരുന്നില്ല. അതിനുമുന്‍പുതന്നെ സിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ പേരില്‍ ഉദ്ഘാടന വിവരം അറിയിച്ചുള്ള നോട്ടീസ് ഇറങ്ങി. ഔദ്യോഗികമായി ഉദ്ഘാടനം സംബന്ധിച്ച് സംഘത്തിന് അറിയിപ്പ് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ക്ഷീരസംഘം സൗജന്യമായി നല്‍കിയ മുറിയില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്താണ് മൃഗാശുപത്രിയുടെ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പന്‍ പറഞ്ഞു. മുറി പെയിന്റ് ചെയ്തതും ബോര്‍ഡ് എഴുതി നല്‍കിയതും ക്ഷീരസംഘമാണ്. ബോധപൂര്‍വം രാഷ്ട്രീയലക്ഷ്യം വച്ചാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.