Asianet News MalayalamAsianet News Malayalam

മകൾ പുതിയ ജീവിതത്തിലേക്ക്, ഒപ്പം മൂന്നു കുടുംബങ്ങൾക്ക് ഭൂമി; യഥാർത്ഥ ജനസേവനത്തിന് മാതൃകയായി പഞ്ചായത്തം​ഗം

മകൾ കതിർമണ്ഡപത്തിൽ കയറുന്നതിന് മുൻപ് തന്നെ ഭൂമിയില്ലാത്ത അർഹരായ മൂന്ന് പേരെ കണ്ടെത്തി 10 സെന്റ് വസ്തു മൂന്ന് പേർക്കായി രജിസ്ട്രേഷൻ ചെയ്തു നൽകി കഴിഞ്ഞു ഈ ദമ്പതികൾ. 

panchayat member gives land for three family on the occasion of daughters wedding
Author
First Published Jan 26, 2023, 3:16 PM IST

തിരുവനന്തപുരം: മകളെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ച് നൽകുമ്പോൾ ഭവനരഹിതരായ മൂന്ന് പേർക്ക് കൂടി ജീവിതം നൽകി ഈ പഞ്ചായത്ത് അംഗം. യാഥാർത്ഥ ജനസേവനം എന്തെന്ന് സമൂഹത്തിന് മാതൃകയാകുകയാണ്. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ മഞ്ചാടിമൂട് വാർഡ് അംഗം മൈലക്കര ആർ. വിജയനും ഭാര്യ വെള്ളറട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ ആർ. ഹേമലതയുമാണ് മകളുടെ സന്തോഷത്തിന് ഒപ്പം മൂന്ന് കുടുംബത്തിന് കൂടെ സന്തോഷം പകരുന്നുന്നത്. കള്ളിക്കാട് ആഡിറ്റോറിയത്തിൽ വച്ച് റിപ്പബ്ലിക്ക് ദിനത്തിലാണ് വിജയനും ഹേമലതയും ഇവരുടെ രണ്ടാമത്തെ മകൾ അശ്വനിയുടെ വിവാഹം  നടത്തുന്നത്. 

മകൾ കതിർമണ്ഡപത്തിൽ കയറുന്നതിന് മുൻപ് തന്നെ ഭൂമിയില്ലാത്ത അർഹരായ മൂന്ന് പേരെ കണ്ടെത്തി 10 സെന്റ് വസ്തു മൂന്ന് പേർക്കായി രജിസ്ട്രേഷൻ ചെയ്തു നൽകി കഴിഞ്ഞു ഈ ദമ്പതികൾ. അതെ സമയം വഴിക്ക് വേണ്ടി ഒരു സെന്റ് കൂടി ആവശ്യമുണ്ടെന്ന് മനസ്സിലാക്കി, സമീപവാസിയായ ഒരാൾ ഒരു സെന്റ് വസ്തുവും കൂടി വിട്ടുനൽകി. ഇതോടെ വസ്തു നൽകിയ മൂന്ന് പേർക്കും സ്വന്തം ഭൂമിയിൽ ഇനി വീട് നിർമ്മിക്കാം. 

താൻ നൽകുന്ന ഭൂമി അർഹതപ്പെട്ട കരങ്ങളിൽ എത്തിച്ചേരണമെന്നും വിജയന് നിർബന്ധമുണ്ടായിരുന്നു. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പും സുതാര്യതയോടെയാണ് നടപ്പിലാക്കിയത്. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ മൈലക്കര വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി ആയി മത്സരിച്ചു വിജയിച്ച മൈലക്കര വിജയൻ ആദ്യമായിട്ടല്ല ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത്. മൈലക്കര വാർഡിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് വാർഡ് അംഗം എന്ന നിലയിൽ ചെയ്തിട്ടുള്ളത്. 

ഗ്രാമ പഞ്ചായത്തംഗമായി രണ്ട് വർഷക്കാലം പൂർത്തിയാക്കിയ കാലയളവിനുള്ളിൽ വാർഡിലെ മുഴുവൻ പെൺകുട്ടികളേയും ഉൾപ്പെടുത്തി സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ അംഗമാക്കി. ഇതിനായുള്ള ആദ്യഗഡു വിജയൻ തന്നെ അടച്ച് ബുക്ക് വീട്ടുകാരെ ഏൽപ്പിച്ചു. ഇതോടെ തന്റെ വാർഡിനെ സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന വാർഡാക്കി മാറ്റി. അതുപോലെ വാർഡിലെ തൊഴിലന്വേഷകരായ യുവജനങ്ങൾക്ക് 200 പി.എസ്.സി ബുള്ളറ്റിനും ഇദ്ദേഹം പണമടച്ച് സൗജന്യമായി വിതരണം ചെയ്ത് വരുന്നു.

പഞ്ചായത്തിലെ മഞ്ചാടിമൂട് വാർഡിനെ മാതൃകാ ഗ്രാമമാക്കി മാറ്റാനാണ് മൈലക്കര വിജയന്റെ ശ്രമം. ക്യാൻസർ രോഗികൾക്ക് ധനസഹായം, നിർധന കുട്ടികളുടെ മംഗല്യത്തിനായുള്ള സമൂഹ വിവാഹം പദ്ധതി എന്നിവയെല്ലാം ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വാർഡിൽ നടന്നുവരുന്നു. അതുപോലെ മെഡിക്കൽ കോളെജിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നടത്തുന്ന സൗജന്യ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനായും മൈലക്കര വിജയൻ സജീവമായി പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇവരുടെ മൂത്തമകൾ അശ്വതിയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ വിവാഹത്തിന് ഭൂമിദാനം നൽകാനുള്ള തന്റെ തീരുമാനത്തിന് കുടുംബം പൂർണ്ണമായും പിൻതുണ നൽകുകയായിരുന്നുവെന്ന് മൈലക്കര വിജയൻ പറയുന്നു.

കയ്പമംഗലത്ത് മത്സ്യ തൊഴിലാളിയുടെ വീട് കത്തി നശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് സംശയം

 

 

Follow Us:
Download App:
  • android
  • ios