Asianet News MalayalamAsianet News Malayalam

പ്രളയമെടുത്ത പാലം നിർമ്മിക്കാതെ പഞ്ചായത്ത്; നെല്ല് സംഭരണത്തിനടക്കം വണ്ടിയെത്തിക്കാനാവാതെ കര്‍ഷകര്‍

പനമരം പള്ളിയറ-പൂന്തോട്ടം റോഡരികിലെ നെല്‍കര്‍ഷകരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പള്ളിയറ, പൂന്തോട്ടം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 2019-ലെ പ്രളയത്തിലാണ് തകര്‍ന്നത്

Panchayat not constructing flooded bridge Farmers unable to transport paddy during paddy procurement
Author
Kerala, First Published Jan 7, 2022, 6:26 AM IST

കല്‍പ്പറ്റ: പനമരം പള്ളിയറ-പൂന്തോട്ടം റോഡരികിലെ നെല്‍കര്‍ഷകരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പള്ളിയറ, പൂന്തോട്ടം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 2019-ലെ പ്രളയത്തിലാണ് തകര്‍ന്നത്. 2018-ല്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്ത റോഡും പാലത്തോടൊപ്പം പൊളിഞ്ഞിരുന്നു. എന്നാല്‍ പത്ത് ലക്ഷം രൂപ പോലും ചിലവില്ലാത്ത പാലത്തിന്റെ പുനര്‍നിര്‍മാണം പക്ഷേ കണിയാമ്പറ്റ പഞ്ചായത്തിന്റെ വിദൂര പദ്ധതികളില്‍ പോലുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. 

കൊയ്ത്തുകാലമാകുന്നതോടെ ഇരട്ടി ദുരിതമാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. ട്രാക്ടര്‍ അടക്കമുള്ള വാഹനങ്ങള്‍ ഇവിടേക്ക് എത്തിക്കാന്‍ കിലോമീറ്ററുകള്‍ ചുറ്റണമെന്നതാണ് അവസ്ഥ. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലാണ് പള്ളിയറ-പൂന്തോട്ടം റോഡ്. പാലം തകര്‍ന്നതോടെ കവുങ്ങ് തടികളിട്ടാണ് ജനങ്ങള്‍ ഇരുവശത്തേക്കും പോകുന്നത്. അപകടകരമായ രീതിയില്‍ ബൈക്കുകളും ഇതുവഴിയാണ് കൊണ്ടുപോകുന്നത്. പള്ളിയറ, പൂന്തോട്ടം ഭാഗത്ത് ഇത്തവണ ഏക്കറുകണക്കിന് നഞ്ചക്കൃഷി ഇറക്കിയിരുന്നു. 

എന്നാല്‍ ഇവയെല്ലാം വയലില്‍ കൊയ്തിട്ടിരിക്കുകയാണ്. നെല്ല് സംഭരിക്കാന്‍ വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതാണ് കാരണം. തലച്ചുമടായി കിലോമീറ്ററുകള്‍ ചുറ്റി കാര്‍ഷിക വിളകള്‍ എത്തിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ഇനി പുഞ്ചയിറക്കണമെങ്കിലും പ്രതിസന്ധികള്‍ ഏറെയാണെന്ന് കര്‍ഷകര്‍ പറയുന്നു. പാലം തകര്‍ന്നതിന് ശേഷം ചിലവേറുന്നതാണ് ഇവിടുത്തെ കൃഷി. സാമൂഹിക നീതിവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റയിലെ വൃദ്ധമന്ദിരം, ചില്‍ഡ്രന്‍സ് ഹോം, ചിത്രമൂലയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്കെത്താന്‍ നിരവധിയാളുകള്‍ ഈ റോഡ് ഉപയോഗിക്കാറുണ്ട്. 

കമ്പളക്കാട് ടൗണിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. പുളിക്കല്‍ക്കുന്ന്, പൂന്തോട്ടക്കുന്ന്, കൊഴിഞ്ഞങ്ങാട് ആദിവാസി കോളനിയിലേക്കും എത്തിപ്പെടണമെങ്കില്‍ ഈ റോഡ് വേണം. അതേസമയം ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍ പറയുന്നത്. ഇതിനായി പഞ്ചായത്ത് എട്ടുലക്ഷംരൂപ വകയിരുത്തിയിട്ടുള്ളതായും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും അവര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios