അമ്പലപ്പുഴ: കൈലിമുണ്ട് മടക്കിക്കുത്തി മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്‍റ്  തോട്ടിലിറങ്ങി, കണ്ടുനിന്ന യുവാക്കളും ഒപ്പം കൂടിയതോടെ  ഒരു പ്രദേശത്തിന്‍റെ വെള്ളക്കെട്ടിന് പരിഹാരമായി.  വെള്ളം കെട്ടി നിന്ന അമ്പലപ്പുഴ എസ് എൻ കവല, കഞ്ഞിപ്പാടം തോടാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ് ഹാരീസിന്‍റ് നേതൃത്വത്തിൽ വൃത്തിയാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്യുന്ന മഴയിൽ പ്രദേശത്തെ വീടുകൾ പലതും വെള്ളക്കെട്ടിലായി. ഇവിടെ നിന്നുള്ള വെള്ളം കഞ്ഞിപ്പാടം തോട്ടിലൂടെയാണ് ഒഴുകിമാറിയിരുന്നത്. എന്നാൽ തോട്ടിൽ പോളയും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ പ്രസിഡൻറ് തോട്ടിലിറങ്ങി വൃത്തിയാക്കാൻ തുടങ്ങിയത്. ഇത് കണ്ടുനിന്ന നാട്ടുകാരായ യുവാക്കളും ഒപ്പം കൂടിയതോടെയാണ് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായത്.