വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് 10 മിനിറ്റോളം ചികിത്സ നൽകാതെ രോഗിയെ പുറത്ത് കിടത്തിയെന്നാണ് പരാതി. ജനറേറ്റർ പ്രവർത്തനരഹിതമാണെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. രോഗിയെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് നിർദ്ദേശിക്കുകയായിരുന്നു.
പത്തനംതിട്ട: വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് രോഗിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. പന്തളം എൻ എസ് എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അപസ്മാരബാധയെ തുടർന്നാണ് ബന്ധുക്കൾ ചേർന്ന് നൂറനാട് സ്വദേശിയായ 69 വയസുള്ള വിജയലക്ഷ്മിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് 10 മിനിറ്റോളം ചികിത്സ നൽകാതെ രോഗിയെ പുറത്ത് കിടത്തിയെന്നാണ് പരാതി. ജനറേറ്റർ പ്രവർത്തനരഹിതമാണെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. രോഗിയെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് നിർദ്ദേശിക്കുകയായിരുന്നു.
നേരത്തെ മുതൽ വിജയലക്ഷ്മി ഈ ആശുപത്രിയിൽ ചികിത്സയിലാണെന്നും സ്ഥിരമായി കൺസൾട്ട് ചെയ്യുന്ന ഡോക്ടറുടെ സേവനത്തിനായാണ് ഇതേ ആശുപത്രിയിൽ തന്നെ എത്തിയതെന്നും ബന്ധുക്കൾ അറിയിച്ചു. എന്നാൽ, ചില നഴ്സുമാരും ആശുപത്രിയിലെ മറ്റുചിലരും ഇത് കേൾക്കാൻ കൂടി തയ്യാറായില്ല. ഉടൻതന്നെ ബന്ധുക്കൾ കാഷ്വാലിറ്റി ഡോക്ടറെ വിവരമറിയിക്കുകയും ഡോക്ടർ എത്തി പരിശോധിക്കുകയും ആയിരുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് ചികിത്സ ലഭ്യമായത്. ഇത്രയും വലിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ജനറേറ്ററിന്റെ തകരാർ പരിഹരിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചതാണ് ആശുപത്രി അധികൃതരെ പ്രകോപിപ്പിച്ചത്. നിലവിൽ രോഗി അപകടനില തരണം ചെയ്തു.


