പാണ്ടിക്കാട്: പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേൃത്വത്തിൽ നടത്തുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്  (എൻ.ക്യു.എ.എസ്) പരിശോധനയിൽ പാണ്ടിക്കാട് എഫ്എച്ച്സി 84 ശതമാനം മാർക്ക് നേടിയാണ് മികച്ച കുടുംബരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. സെപ്തംബർ 27, 28 തീയതികളിൽ കേന്ദ്ര ആരോഗ്യവകുപ്പിന്റെ രണ്ടംഗ സംഘം ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയെ തുടർന്നാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തിയ  വിവിധ മൂല്യനിർണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ എൻക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. 2018 ൽ സംസ്ഥാന  സർക്കാരിന്റെ കായകൽപ്പ് കമന്റേഷൻ അവാർഡും കേരള അക്രഡിറ്റേഷൻ സ്റ്റാന്റേഡ്സ് ഫോർ ഹോസ്പിറ്റൽസ് അംഗീകാരവും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ഗുണമേന്മയുടെ കാര്യത്തിൽ മുന്നിൽ  നിൽക്കുന്ന സ്ഥാപനം കൂടിയാണിത്. 2012  മുതൽ നടത്തിയ പ്രവർത്തനങ്ങളാണ് പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനെ ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്.