മലപ്പുറം പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാല് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. സദ്ദാം ബീച്ച് ഭാഗത്തുനിന്ന് ഓടിയെത്തിയ നായ കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. നാട്ടുകാർ പിന്നീട് ഈ നായയെ അടിച്ചുകൊന്നു.

മലപ്പുറം: പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. പത്തുവയസിന് താഴെയുള്ള നാലുകുട്ടികള്‍ ഉള്‍പ്പെടെ കടിയേറ്റ എട്ടുപേരെയും ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ. ഫാത്വിമ (52), ഇ. അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരു വയസ്സുള്ള കെ. ഇംറാന്‍, രണ്ടു വയസുകാരന്‍ നാസിം എന്നിവ‍‌‌‌ർക്ക് മുഖത്ത് സാരമായി പരിക്കേറ്റു. നാലു വയസുകാരി അഫ്‌സ, ഹംദാന്‍ (എട്ട്), കെ. ഫാത്തിമ (52), സുബൈദ (54), മുജീബ് റഹ്‌മാന്‍ (50) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സദ്ദാം ബീച്ച് ഭാഗത്തുനിന്ന് അക്രമണകാരിയായ നായ ഓടിയെത്തി വീട്ടുമുറ്റത്തിരുന്ന കുട്ടികളെയും വഴിയോരങ്ങളില്‍ കണ്ടവരെയും കടിക്കുകയാ യിരുന്നു. പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍, ചാപ്പപ്പടി ഭാഗങ്ങളിലൂടെ കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചോടിയ നായെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ഒട്ടുമ്മലില്‍ വെച്ച് അടിച്ചുകൊന്നു. തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ കനത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.