കോടതിയില്‍ നിന്ന് മടങ്ങവെ മാതാപിതാക്കള്‍ കുട്ടിയെ തിരികെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു. ഇതില്‍ പ്രകോപിതരായ കാമുകന്‍റെ സുഹൃത്തുക്കള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.


കൊല്ലം: കാമുകനൊപ്പം പോയ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് കോടതിവളപ്പില്‍ കാമുകന്‍റെ സുഹൃത്തുക്കളുടെ മര്‍ദ്ദനം. പൂയപ്പള്ളി സ്വദേശികളായ സുരേഷ്, ഭാര്യ സന്ധ്യ എന്നിവര്‍ക്കാണ് കൊട്ടാരക്കര കോടതിവളപ്പില്‍ വച്ച മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍റെ സുഹൃത്ത് ആറ്റൂര്‍കോണം സ്വദേശിയായ കെ നസീറിനെ പൊലീസ് അറ്റസ്റ്റ് ചെയ്തു. 15 അംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് സുരേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ കാണാനില്ലെന്ന് കാട്ടി സുരേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെയ് ഒന്ന് രാത്രി മൂന്ന് മണിയോടെ മകളെ വീട്ടില്‍ നിന്നും കാണാതായി എന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം കണ്ടെത്തി, ഇവരെ കോടതിയില്‍ ഹാജരാക്കി. കാമുകനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയായതിനാല്‍ കോടതി യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു.

കോടതിയില്‍ നിന്ന് മടങ്ങവെ മാതാപിതാക്കള്‍ കുട്ടിയെ തിരികെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു. ഇതില്‍ പ്രകോപിതരായ കാമുകന്‍റെ സുഹൃത്തുക്കള്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാരുടെയും അഭിഭാഷകരുടെയും മുന്നിലിട്ടാണ് ആക്രമണം നടത്തിയത്. മര്‍ദ്ദനമേറ്റ് പെണ്‍കുട്ടിയുടെ മുഖത്തും ശരീരത്തും പരിക്കേറ്റു.