Asianet News MalayalamAsianet News Malayalam

പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയ 13കാരിയുടെ മാതാപിതാക്കളെ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു

സമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രിക്ക് അയച്ച പരാതി ചർച്ചയായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പേട്ട പൊലീസ് 13കാരിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റു ചെയ്തത്

parents of 13 year old child who complained  PM modi against kerala police arrested
Author
Thiruvananthapuram, First Published Sep 13, 2020, 8:58 PM IST

തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് പ്രധാനമന്ത്രിക്ക് പരാതി നൽകിയ 13കാരിയുടെ മാതാപിതാക്കൾ അറസ്റ്റിൽ. പേട്ടയിൽ വച്ച് യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് തിരുവനന്തപുരം ചാക്ക സ്വദേശികളായ സുജിത് കൃഷ്ണയും ഭാര്യ സിതാരയും അറസ്റ്റിലായത്. ഇവർ നടത്തിയ വധശ്രമം മറച്ചുവെക്കാനാണ് മകളെ മുൻനിർത്തി വ്യാജപരാതി ചമച്ചതെന്നാണ് പൊലീസ് പറയുന്നത്.

തന്‍റെ കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ച ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരാഴ്ച മുമ്പ് പ്രധാനമന്ത്രിക്ക് പെണ്‍കുട്ടി പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ ഇത് ചർച്ചയായി. പിന്നാലെ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷമാണ് സുജിത്തിനെയും സിതാരയെയും അറസ്റ്റു ചെയ്തത്. പലിശക്ക് കടം കൊടുക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 കേസിൽ പ്രതിയാണ് സുജിത്ത് കൃഷ്ണ. സിതാരക്കെതിരെയും കേസുള്ളതായി പൊലീസ് പറയുന്നു.

ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വത്തുക്കൾ ഒപ്പിട്ട് വാങ്ങിയെന്ന പരാതിയിൽ സുജിത്തിന്‍റെ വീട്ടിൽ കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു. പരാതിക്ക് പിന്നിൽ സുജിത്തിന്‍റെ മുൻ ഡ്രൈവറും കൂട്ടാളിയുമായിരുന്ന ശങ്കർ മോഹനാണെന്ന ധാരണയിലാണ് വധശ്രമത്തിന് പദ്ധതി തയ്യാറാക്കിയത്. ശങ്കർമോഹനെ ചർച്ചക്കാണെന്ന പേരിൽ പേട്ട ഗുരുമന്ദിരത്തിന് സമീപം വിളിച്ച് വരുത്തി വാഹനം ഇടിപ്പിച്ച് അപകടപ്പെടുത്താൻ സുജിത്തും സിതാരയും ശ്രമിച്ചു. പരിക്കേറ്റ ശങ്കറും മറ്റ് സുഹൃത്തുക്കളും ഇവരെ പിന്തുടർന്നതോടെ ഇരുവരും പേട്ട സ്റ്റേഷനിൽ ഓടികയറി.

ഗുണ്ടാനിയമ പ്രകാരം ശങ്കർ അറസ്റ്റിലായി. റിമാന്റിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ശങ്കറിന്റെ അമ്മ, മകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കമ്മീഷണർക്ക് പരാതി നൽകിയത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഗുണ്ടാസംഘങ്ങളെ പൊലീസ് സഹായിക്കുന്നുവെന്ന പരാതിയുമായി സുജിത്തിന്‍റെയും സിതാരയുടെയും മകൾ രംഗത്തെത്തി. പൊലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതിയും അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വധശ്രമം മറനീക്കി പുറത്തുവന്നത്. ശങ്കറിനെ കൊല്ലാൻ താൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കി സുജിത്ത് പ്രചരിപ്പിച്ച ശബ്ദ സന്ദേശവും പൊലീസിന് പിടിവള്ളിയായി. തന്‍റെ മാതാപിതാക്കളെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് മകളും ഗുണ്ടകൾക്കെതിരെ തെളിവ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പിടിയിലായവരും ആരോപിച്ചു.

Follow Us:
Download App:
  • android
  • ios