ബൈക്കില്‍ പെട്രോള്‍ തീര്‍ന്നത് കൊണ്ടാണ് ബൈക്ക് റോഡരികില്‍ വച്ച് നടക്കുന്നതെന്ന് യുവാക്കള്‍ പറഞ്ഞു. നാട്ടുകാരില്‍ ഒരാള്‍ തന്‍റെ വാഹനത്തില്‍ നിന്ന് പെട്രോള്‍ നല്‍കാമെന്ന് പറഞ്ഞതോടെ ബൈക്കിനു ചാവി ഇല്ലെന്നായിരുന്നു യുവാക്കളുടെ മറുപടി
തൃശൂര്‍: ചൂണ്ടല്‍ പുതുശേരിയില്‍ ബൈക്ക് മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി. പൊലീസ് എത്തുന്നതിനിടെ ഒരാള്‍ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പുതുശേരി പഴുന്നാന റോഡില്‍ ഹെല്‍മെറ്റ് വച്ച് നടന്നു പോകുന്ന രണ്ട് യുവാക്കളെ സംശയത്തിന്റെ പേരില്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് കഥയുടെ ചുരുളഴിയുന്നത്.
ബൈക്കില്‍ പെട്രോള്‍ തീര്‍ന്നത് കൊണ്ടാണ് ബൈക്ക് റോഡരികില്‍ വച്ച് നടക്കുന്നതെന്ന് യുവാക്കള്‍ പറഞ്ഞു. നാട്ടുകാരില്‍ ഒരാള്‍ തന്‍റെ വാഹനത്തില്‍ നിന്ന് പെട്രോള്‍ നല്‍കാമെന്ന് പറഞ്ഞതോടെ ബൈക്കിനു ചാവി ഇല്ലെന്നായിരുന്നു യുവാക്കളുടെ മറുപടി. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രദേശവാസികള്‍ കുന്നംകുളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുമ്പാണ് രണ്ടു പേരില്‍ ഒരാള്‍ നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ യുവാക്കളുടെ കൈവശമുണ്ടായിരുന്ന ബൈക്ക് കൊടകര സ്വദേശി ശ്രീഹരിയുടേതാണെന്ന് തെളിഞ്ഞു. കുന്നംകുളം പൊലീസ് ബൈക്കുടമയെ വിവരമറിയിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം ഉടമ അറിയുന്നത്. തുടര്‍ന്നാണ് കയ്പമംഗലം കാരപ്പള്ളി വീട്ടില്‍ മിഥുൻ ആഷിനെ (22) ബൈക്ക് മോഷണത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.
പുല്‍ച്ചാടി എന്ന് വിളിപ്പേരുള്ള പെരിഞ്ഞനം സ്വദേശി അശ്വിനാണ് ഓടി രക്ഷപ്പെട്ടത്. അശ്വിനും മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലരിൽ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ മിഥുൻ ആഷിന് മോഷണക്കേസുകളുണ്ട്. ഇരുവരും മോഷണമടക്കം നിരവധി കേസുകളില്‍ പ്രതികളാണെന്ന് സൂചനയുണ്ട്. അറസ്റ്റിലായ മിഥുന്‍ ആഷിനെ കൊടകര പൊലീസിന് കൈമാറി. രക്ഷപ്പെട്ട യുവാവിനായി പൊലീസുകാരും നാട്ടുകാരും പുതുശേരി, ചൂണ്ടല്‍ മേഖലകളില്‍ വ്യാപക പരിശോധന നടത്തി.
