ഇടുക്കി: ഇടുക്കി ചെറുതോണിയിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകാത്തതോടെ ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാകുന്നു. ഓണക്കാലമായതിനാൽ വിനോദസഞ്ചാരികളുടേത് അടക്കമുള്ള വണ്ടികൾ കൂടി വന്നതോടെ വീർപ്പുമുട്ടുകയാണ് ചെറുതോണി പട്ടണം.

ഇടുക്കി ഡാം തുറന്നപ്പോൾ വെള്ളം കുത്തിയൊലിച്ച് വന്ന് ചെറുതോണിയിലെ ബസ് സ്റ്റാന്‍റും പാർക്കിംഗ് ഗ്രൗണ്ടും പൂർണ്ണമായും തകർന്നടിഞ്ഞിരുന്നു. ശേഷം പൊലീസ് സ്റ്റേഷന് സമീപത്തായി പുതിയ ബസ് സ്റ്റാന്‍റിന്‍റെ പണി തുടങ്ങി. എന്നാൽ ഒരു വര്‍ഷത്തോളമായിട്ടും  പണി എങ്ങും എത്തിയില്ല. വണ്ടികൾ തോന്നുന്നിടത്ത് പാർക്ക് ചെയ്യുന്ന സ്ഥിതി ആയതോടെ   ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

ഓണാവധി സമയമായതിനാൽ സഞ്ചാരികളുടെ വലിയ തിരക്കാണ് ചെറുതോണിയിലിപ്പോൾ. എന്നാൽ വണ്ടി പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ അവരും പ്രതിസന്ധിയിലായിരിക്കുകയാണ്. പാർക്കിംഗ് പ്രശ്നം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.