ഇടുക്കി: ഡിടിപിസി ഓഫീസിന് മുമ്പില്‍ ഭരണപക്ഷ പാര്‍ട്ടിയുടെ കൊടി ഉയര്‍ന്നതോടെ  സമരമെന്ന് കരുതി ഓഫീസിലേയ്ക്ക് കയറാതെ വിനോദ സഞ്ചാരികളടക്കം മടങ്ങുന്നു. ഇതോടെ സമരാന്തരീക്ഷം മാറ്റാന്‍  ജീവനക്കാര്‍ പാര്‍ട്ടി കൊടിക്കൊപ്പം വിവിധ വര്‍ണ്ണത്തിലുള്ള കൊടികെട്ടിവവച്ചു.

ഡിടിപിസിയുടെ കീഴില്‍ നടത്തുന്ന നിയമനങ്ങള്‍ സിപിഎം അനുഭാവികള്‍ക്ക് വേണ്ടി മാത്രമാണെന്ന് ആരോപിച്ചാണ് പ്രതിഷേധ സൂചകമായി സിപിഐ പ്രവര്‍ത്തകര്‍ മൂന്നാര്‍ ഡിടിപിസി ഓഫീസിന് മുമ്പില്‍ കൊടികള്‍ കെട്ടിയത്. ദിവസങ്ങളോളം കൊടികള്‍ അഴിച്ചു മാറ്റാതെ നിലനില്‍ക്കുകയാണ്. സമരങ്ങള്‍ക്കൊണ്ട് പേരുകേട്ട മൂന്നാറിലെ ഓഫീസിന് മുമ്പില്‍ പാര്‍ട്ടി കൊടി കുത്തിയിരിക്കുന്നതിനാല്‍ വിനോദസഞ്ചാരികളടക്കമുള്ളവര്‍ ഓഫീസിലേയ്ക്ക് എത്താതെ മടങ്ങുകയാണ് ചെയ്യുന്നത്. 

ഇതോടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഡിടിപിസി ജീവനക്കാര്‍ സാംസ്‌ക്കാരികതയുടെ സന്ദേശം പകര്‍ന്ന് നല്‍കുന്ന വിവിധ വര്‍ണ്ണത്തിലുള്ള കൊടികള്‍ക്കൂടി പാര്‍ട്ടികൊടികള്‍ക്കൊപ്പം കെട്ടിവയ്ക്കുകയായിരുന്നു. പ്രതിഷേധത്തിന് നടുവിലും ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കുവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ജീവനക്കാര്‍. അറ്റെന്തെങ്കിലും പ്രതിഷേധ മുറകളുമായി ഇനി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്..