തിരുവനന്തപുരം: പാർവതി പുത്തനാർ നവീകരണം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളും വീണ്ടും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഈ വർഷം പകുതിയോടെ ബോട്ട് യാത്രയ്ക്ക് സജ്ജമാകേണ്ടിയിരുന്ന പുത്തനാർ വീണ്ടും മാലിന്യവും പോളയും നിറഞ്ഞ അവസ്ഥയിലാണ്. സ്വപ്ന പദ്ധതിയായ ദേശീയ ജലപാതയിലെ നിർണായക ദൗത്യമായിരുന്നു പുത്തനാർ നവീകരണം. കോവളം മുതൽ ബേക്കൽ വരെ നീളുന്ന ദേശീയ ജലപാത.

ഇടത് സ‍ർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടം ഈ മേയിൽ പൂർത്തിയാകണമായിരുന്നു. പദ്ധതിപ്രകാരം എല്ലാം നടന്നിരുന്നെങ്കിൽ കോവളം മുതൽ കോഴിക്കോട് വരെയെങ്കിലും ബോട്ട് ഓടുമായിരുന്നു. പോളയും മാലിന്യവും നീങ്ങി തിരുവനന്തപുരം പാർവതി പുത്തനാർ സ‍ർവ്വ പ്രൗഡിയും വീണ്ടെടുക്കുമായിരുന്നു. എന്നാൽ പുത്തനാറിന്റെ സ്ഥിതിയിപ്പോൾ മാലിന്യം നിറഞ്ഞ് ഒരുക്കുപോലും നിലയ്ക്കുന്ന അവസ്ഥയിലാണ്.

കേരള വാട്ടർവേയ്സ് ആന്റ് ഇൻഫ്രാസക്ടചർ ലിമിറ്റഡിനാണ് പുത്തനാ‍ർ നവീകരണത്തിന്റെ ചുമതല. ആക്കുളം മുതൽ കോവളം വരെയുള്ള 16.5 കിലോമീറ്റർ ശുചീകരണം 2018 ജൂണിൽ തുടങ്ങി. വള്ളക്കടവ് വരെയുള്ള ഭാഗത്ത് രണ്ടാം ഘട്ട ശുചീകരണവും നടത്തി 1.5 മീറ്റർ ആഴം കൂട്ടി. ബോട്ട് ട്രയൽ റണ്ണും നടത്തി. പക്ഷെ വള്ളക്കടവ്, തെരുനെല്ലി പാല നിർമാണത്തോടെ തുടർ ശുചീകരണവും ആഴം കുട്ടലും മുടങ്ങി. വീണ്ടും പോളയും മാലിന്യവും നിറഞ്ഞു. ഫലത്തിൽ ഒന്നര കോടിയോളം മുടക്കി വൃത്തിയാക്കിയ 16.5 കിലോമീറ്റർ ഇനി വീണ്ടും ശുചീകരിക്കേണ്ട അവസ്ഥയിലാണുള്ളത്.

2018 വരെ കരിക്കകം ചാക്ക ഭാഗങ്ങളിൽ വെള്ളക്കെട്ട് പതിവായിരുന്നു. അതിനൊരു മാറ്റം വന്നത് പുത്തനാറിലൂടെ വീണ്ടും നീരൊഴുക്ക് തുടങ്ങിയോടെയായിരുന്നു. ആഴംകൂട്ടലും മാലിന്യം നീക്കലും കയ്യേറ്റം ഒഴിപ്പിക്കലും അടക്കമുള്ള പണികളെല്ലാം ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്. പുത്തനാറിലേക്ക് സെപ്റ്റിക്ക് മാലിന്യം തുറന്നുവിടുന്ന 680 വീടുകൾക്ക് സെപ്റ്റിക്ക് ടാങ്ക് പണിതു നൽകുന്ന ജോലി പോലും പാതിവഴിയിലെത്തിയതേയുള്ളു. ലോക്ക് ഡൗൺ ചതിച്ചെന്നാണ് ക്വില്ലും ജേലസേചനവകുപ്പും കോർപ്പറേഷനും ഒക്ക പറയുന്നത്. ഓണം കഴിഞ്ഞാൽ നിർത്തിവച്ചിരിക്കുന്ന പണിയെല്ലാം തുടങ്ങുമെന്നും പറയുന്നു.