Asianet News MalayalamAsianet News Malayalam

ഡെങ്കി, 'പ്രതിരോധം പ്രധാനം': പത്തനംതിട്ടയില്‍ 14 ഹോട്‌സ്‌പോട്ടുകള്‍, സ്ഥലങ്ങളുടെ പട്ടിക

120 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍.

pathanamthitta health department identifies 14 dengue hotspots joy
Author
First Published Sep 23, 2023, 12:11 PM IST

പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ മാസം മാത്രം ഇതുവരെ 23 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പ്രദേശം, രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍:

പത്തനംതിട്ട - വാര്‍ഡ് 5, 7, 10, 12, 23 28. ചന്ദനപ്പള്ളി - വാര്‍ഡ് 1, 12, 14, 16. അടൂര്‍ - വാര്‍ഡ് 25. റാന്നി - ചേത്തക്കല്‍. പ്രമാടം - വാര്‍ഡ് 3,9,17. ചെറുകോല്‍ - വാര്‍ഡ് 4. ഏറത്ത് - വാര്‍ഡ് 2, 10, 13. തിരുവല്ല- വാര്‍ഡ് 11. ഇലന്തൂര്‍ - വാര്‍ഡ് 4,7,12. ഏനാദിമംഗലം - വാര്‍ഡ് 23, 28. കോന്നി -വാര്‍ഡ് 12, 16. പന്തളം - വാര്‍ഡ് 17, 21. വള്ളിക്കോട് - വാര്‍ഡ് 6. തിരുവല്ല - വാര്‍ഡ് 1. 

പ്രതിരോധം പ്രധാനം

ആഴ്ചതോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക. ഇതോടൊപ്പം വ്യക്തി സുരക്ഷാമാര്‍ഗങ്ങളും പാലിക്കുക. വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍ പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, റെഫ്രിജറേറ്ററിന്റെ അടിഭാഗത്തെ ട്രേ, ടയറുകള്‍, ടാര്‍പാളിന്‍ ഷീറ്റുകള്‍, വീടിന്റെ ടെറസ്, സണ്‍ഷേഡ്, പാത്തികള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പ്രധാനമായും ഇവ മുട്ടയിട്ട് പെരുകുന്നത്.

വീടിനകത്തെ ചെടികളും ഉറവിടം

വീടുകളില്‍ വളര്‍ത്തുന്ന മണി പ്ലാന്റും മറ്റ് അലങ്കാരച്ചെടികളും കൊതുക് പെരുകാനുള്ള സാഹചര്യം വര്‍ധിപ്പിച്ചു. ചെടിച്ചട്ടികളിലും അവയ്ക്കടിയില്‍ വെക്കുന്ന ട്രേകളിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിലവില്‍ രോഗബാധിതരായവരുടെ വീടുകളില്‍ പരിശോധന നടത്തിയപ്പോള്‍ വെള്ളം ശേഖരിച്ചു വെക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, ടയറുകള്‍, ടാര്‍പാളിന്‍ ഷീറ്റുകള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ കൂത്താടികളുടെ സാന്നിധ്യം കൂടിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്.

ഡ്രൈ ഡേ ആചരണം തുടരണം

ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ പ്രവര്‍ത്തനങ്ങള്‍ തുടരണം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപന സാധ്യതയുണ്ട്. പനി വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

'എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് സമിതി'; സിപിഐ നിലപാടില്‍ വേണുഗോപാല്‍ 
 

Follow Us:
Download App:
  • android
  • ios