പരിമിതികളുടെ നടുവിൽ വീ‌‌‍ർപ്പുമുട്ടുകയാണ് കാസ‌ർ​ഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിത‌ർക്കായുള്ള ബ‍ഡ്സ് സ്കൂളുകൾ. കോടികൾ മുടക്കി നി‌ർമ്മിച്ച കെട്ടിടങ്ങൾ കാടു പിടിച്ചു കിടക്കുമ്പോഴാണ് ഈ ദുരവസ്ഥ

കാസർഗോഡ്: എൻഡോസൾഫാൻ ബാധിതരുടെ പുനരധിവാസത്തിനായി വിഭാവനം ചെയ്ത ബ‍ഡ്‍സ് സ്കൂളുകളുടെ സ്ഥിതി പരിതാപകരമാണ്. ഭൗധിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പുമുട്ടുകയാണ് ബഡ്സ് സ്കൂളുകൾ. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങളിൽ പലതും കാട് പിടിച്ച് കിടക്കുമ്പോഴാണ് ഈ ദുരവസ്ഥ.

പതിനൊന്ന് പഞ്ചായത്തുകളിലായാണ് ബഡ്സ് സ്കൂൾ പദ്ധതി ആവിഷ്കരിച്ചത്. ഏഴിടത്ത് കെട്ടിട നിർമ്മാണം തുടങ്ങി. എന്നാൽ അഞ്ചു വർഷത്തനിപ്പുറം പ്രവർത്തനം ആരംഭിച്ചത് ഒരിടത്ത് മാത്രമാണ്. മാറി മാറി വരുന്ന സർക്കാരുകൾക്ക് എൻഡോസൾഫാൻ ഇരകളോടുള്ള അവഗണനയാണ് ഇത് വ്യക്തമാക്കുന്നതെന്ന് എൻഡോസൾഫാൻ സെൽ അംഗം അംബികാസുതൻ മാങ്ങാട് ആരോപിക്കുന്നു.

ബെള്ളൂർ പഞ്ചായത്തിൽ ഒന്നര കോടി രൂപാ ചിലവിൽ പണിത ബഡ്സ് സ്കൂൾ കെട്ടിടം ഇതുവരേയും തുറന്ന് കൊടുത്തിട്ടില്ല. മുളിയാര്‍ പഞ്ചായത്തിൽ ഉപേക്ഷിച്ച പഴയ കമ്യൂണിറ്റി ഹാളിലാണ് ബഡ്‌സ് സ്‌കൂളിന്‍റെ പ്രവർത്തനം. ഒരു ഹാൾ അഞ്ചായി തിരിച്ചാണ് ഇവിടെ ക്ലാസുകൾ നടത്തുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിന് പോലും ഇവിടെ മതിയായ സൗകര്യമില്ല. ആകെയുള്ള ഒരു ശുചിമുറിക്ക് നല്ലൊരു വാതിൽ പോലുമില്ല.കാറഡുക്കയിൽ പരമാവധി ഇരുപത് പേർക്ക് ഇരിക്കാവുന്നിടത്ത് പഠിക്കുന്നത് അമ്പത് കുട്ടികൾ, മറ്റിടങ്ങളിലേയും അവസ്ഥ സമാനമാണ്.

വൈദ്യുതി കണക്ഷൻ ലഭിക്കാത്തത് മൂലമാണ് പുതിയ കെട്ടിടങ്ങൾ തുറന്ന് കൊടുക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.