ശുചി മുറിയെന്ന് ധരിച്ച് മോഹനന്‍ ഡക്ടിലേക്ക് കയറുകയും താഴേക്ക് വീഴുകയും ചെയ്തുവെന്നാണ് സംശയം. വീഴ്ചയുടെ ആഘാതത്തിൽ പൈപ്പ് പൊട്ടി  ജലം പോവുന്ന ശബ്ദം കേട്ടപ്പോഴാണ് പരിശോധന നടത്തിയതും മൃതദേഹം കണ്ടതും

പാലക്കാട്: പാലക്കാട് മെഡിക്കല്‍ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് രോഗി വീണ് മരിച്ചത് അധികൃതരുടെ വീഴ്ച കാരണമെന്ന് ആക്ഷേപം. പൊൽപ്പുള്ളി സ്വദേശി മോഹനനാണ് മരിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കുടിവെള്ളത്തിന്റേത് ഉള്‍പ്പെടെയുള്ള പൈപ്പുകള്‍ കടന്നുപോകുന്ന ഡക്ടിനുള്ളിലായിരുന്നു മൃതദേഹം.

ബഹുനില കെട്ടിടങ്ങളില്‍ വിവിധ നിലകളിലേക്ക് കുടിവെള്ളത്തിന്റേത് ഉള്‍പ്പെടെയുള്ള പൈപ്പുകളും മറ്റും കടന്നുപോകുന്നതിന് വേണ്ടി നിര്‍മിക്കുന്ന വലിയ കുഴല്‍ പോലുള്ള പാതകളാണ് ഡക്ടുകള്‍. ഓരോ നിലയിലും ഡക്ടിലേക്ക് തുറക്കുന്ന വാതിലുകളുണ്ട്. അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുമ്പോള്‍ ഇതുവഴിയാണ് പ്രവൃത്തികള്‍ നടത്തുന്നത്. 

പാലക്കാട് മെഡിക്കല്‍ കോളേജിലെ കെട്ടിടത്തില്‍ ഡക്ടിലേക്കുള്ള വാതില്‍ പൂട്ടിയിടുന്നതില്‍ സംഭവിച്ച വീഴ്ചയാണ് രോഗിയുടെ ജീവനെടുത്തതെന്നാണ് ആരോപണം. ശുചി മുറിയെന്ന് ധരിച്ച് മോഹനന്‍ ഡക്ടിലേക്ക് കയറുകയും താഴേക്ക് വീഴുകയും ചെയ്തുവെന്നാണ് സംശയം. വീഴ്ചയുടെ ആഘാതത്തിൽ പൈപ്പ് പൊട്ടി ജലം പോവുന്ന ശബ്ദം കേട്ടപ്പോഴാണ് പരിശോധന നടത്തിയതും മൃതദേഹം കണ്ടതും. കുടിവെള്ള പൈപ്പിനിടയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പാലക്കാട്ടെ പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത മനുഷ്യാവകാശ കമ്മീഷനും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. കെട്ടിടത്തിൽ നിന്ന് രോഗി വീണ് മരിച്ചതിന് ഉത്തരവാദി ആരോഗ്യ വകുപ്പെന്നാണ് പരാതിയിൽ പറയുന്നത്. 

Read also: തൃശൂരിൽ ഞെട്ടിക്കുന്ന ആക്രമണം, കാർ തടഞ്ഞ് മൊത്തം വെളിച്ചെണ്ണയും കവർന്നു, ഒന്നരലക്ഷവും; പ്രതികളെ തേടി പൊലീസ്