ഡി വൈ എഫ് ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് ആണ് മഹേഷ്
പട്ടാമ്പി: പട്ടാമ്പിയിൽ ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ യുവാവ് ഷോക്കേറ്റ് മരിച്ചു. വാഷിംഗ് മെഷിനിൽ നിന്നും ഷോക്കറ്റ് ആണ് അപകടം ഉണ്ടായത്. ലിബിർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷിന്‍റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഡി വൈ എഫ് ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് ആണ് മഹേഷ്. ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തിലടക്കം സജീവമായിരുന്ന പ്രാദേശിക നേതാവാണ് മഹേഷ്. ഇയാളുടെ അപ്രതീക്ഷിത വിയോഗത്തിൽ നാട്ടുകാർ വലിയ ഞെട്ടലിലും വേദനയിലുമാണ്.
മഹേഷിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ അടക്കമുള്ളവർ വികാര നിർഭരമായ കുറിപ്പുകളുമായി രംഗത്തെത്തി. ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിക്കുന്നത് പട്ടാമ്പി മേഖല കമ്മിറ്റിയിലെ സഖാക്കളാണെന്നും ഇന്നലെ വരെയും ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി കോഴിക്കുന്ന് പ്രദേശത്തെ വീടുകളിൽ നിന്ന് ഭക്ഷണം ലഭ്യമാക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളി ആയിരുന്ന സഖാവിനെയാണ് നഷ്ടമായതെന്നും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കുറിച്ചു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുടെ കുറിപ്പ്
ഡി വൈ എഫ് ഐ പട്ടാമ്പി മേഖല കമ്മിറ്റിയിലെ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്‍റ് സഖാവ് മഹേഷ് അൽപ്പ സമയംമുമ്പ് ഷോക്കേറ്റ് മരണപ്പെട്ടു. ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിക്കുന്നത് ഡി വൈ എഫ് ഐ പട്ടാമ്പി മേഖല കമ്മിറ്റിയിലെ സഖാക്കളാണ്. ഇന്നലെ വരെയും ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി കോഴിക്കുന്ന് പ്രദേശത്തെ വീടുകളിൽ നിന്ന് ഭക്ഷണം ലഭ്യമാക്കാനുള്ള പ്രവർത്തനത്തിൽ ആയിരുന്നു സഖാവ്. സഖാവ് ഏറ്റെടുത്ത ചുമതല ഭംഗിയായി സഖാക്കൾ പൂർത്തിയാക്കും. ഉറപ്പായും സഖാവ് ഏർപ്പാട് ചെയ്ത ഭക്ഷണപൊതികൾ ആശുപത്രിയിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കൈകളിലെത്തും. ആദരാഞ്ജലികൾ
