ചിക്കൻ കറി കുറഞ്ഞ് പോയി, ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം; സംഭവം തിരുവനന്തപുരത്ത്
കാട്ടാക്കട നക്രാം ചിറയിലെ മയൂർ എന്ന ഹോട്ടലിലാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ചിക്കൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരെ മർദിച്ചതായി പരാതി. കാട്ടാക്കട നക്രാം ചിറയിലെ മയൂർ ഹോട്ടലിലാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ട് പേർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ശേഷം ചിക്കൻപെരട്ടും പൊറോട്ടയും പാർസൽ വാങ്ങി ഇരുവരും മടങ്ങി. അൽപസമയത്തിന് ശേഷം പാർസലിലെ പെരട്ടിനൊപ്പം നൽകിയ ചിക്കൻ ഗ്രേവി കുറഞ്ഞ് പോയെന്ന് പരാതിയുമായി സംഘം തിരിച്ചെത്തി. ഗ്രേവി തരാമെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞെങ്കിലും പണം തിരികെ നൽകണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ഇതോടെ ഹോട്ടൽ ജീവനക്കാരുമായി സംഘം വാക്കുതർക്കത്തിലായി. കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആദ്യം ക്യാഷറെ കുത്തി. ഇതുതടയാനെത്തിയ ജീവനക്കാരനെയും സംഘം മർദിച്ചു.
സംഘർഷത്തിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. പാകം ചെയ്ത ഭക്ഷണവും ഹോട്ടലിലെ ഫർണിച്ചറുകളും അടിച്ചു തകർത്തു. പരിക്കേറ്റവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലുടമയുടെ പരാതിയിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.