കോഴിക്കോട് കോവൂര്‍ മിനി ബൈപ്പാസിലെ ഭക്ഷണ കടകള്‍ നാട്ടുകാർ അടപ്പിച്ചു. രാത്രികാലങ്ങളിൽ സംഘർഷം പതിവായതിനെ തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം. രാത്രി പത്തിന് ശേഷം കടകള്‍ തുറക്കരുതെന്ന് നാട്ടുകാർ ഉടമകളോട് ആവശ്യപ്പെട്ടു.
കോഴിക്കോട്: രാത്രി കാലങ്ങളില്‍ നിരന്തരം സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് കോവൂര്‍ മിനി ബൈപ്പാസിലെ ഭക്ഷണ കടകള്‍ അടപ്പിച്ച് നാട്ടുകാര്‍. രാത്രി പത്തിന് ശേഷം കടകള്‍ തുറക്കരുതെന്ന് നാട്ടുകാര്‍ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ പ്രവര്‍ത്തനം തുടങ്ങുന്ന ഇവിടുത്തെ ഹോട്ടലുകളിലേക്കും കോഫീ ഷോപ്പുകളിലേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
പുലര്‍ച്ചെ വരെ കടകളിൽ കച്ചവടം നടക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സംഘടിച്ചെത്തുന്ന യുവാക്കള്‍ തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാവുന്നുവെന്നും ഗത്യന്തരമില്ലാതെ സംഘടിച്ച് രംഗത്ത് വന്നതാണെന്നുമാണ് നാട്ടുകാരുടെ വാദം. കഴിഞ്ഞ ദിവസം രാത്രി 10.30ന് ശേഷം പ്രവര്‍ത്തിച്ച കടകള്‍ നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചുക്കുകയും ചെയ്തു
ഈ ഭാഗത്ത് ബൈക്ക് റേസിംഗ് നടത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ റോഡില്‍ അനധികൃത പാര്‍ക്കിംഗ് സംബന്ധിച്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി എം ഉമേഷ് അറിയിച്ചു.
