കല്‍പ്പറ്റ: വയോധികനെ കാട്ടാന ആക്രമിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായെത്തി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന പാട്ടവയലിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകവെ പ്രദേശവാസിയായ മൊയ്തീന്‍ (60) എന്നയാളെയാണ് ആന ആക്രമിച്ചത്. 

കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൊയ്തീനെ മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 11 മണിയോടെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 

പിന്നീട് ഗുഢല്ലൂര്‍ എം.എല്‍.എ ദ്രാവിഡ മണിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആവശ്യമായ സ്ഥലങ്ങളില്‍ വേലി സ്ഥാപിക്കും, സ്ഥിരം അപകടകാരിയായ ആനകളെ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടിലേക്ക് തുരത്തും, ആനകള്‍ സ്ഥിരമായെത്തുന്ന ഇടങ്ങളിലെ നികന്ന കിടങ്ങുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കും തുടങ്ങിയ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.