കല്‍പ്പറ്റ: 2018-ലെ പ്രളയത്തില്‍ ഒലിച്ചു പോയതാണ് കമ്പമല, കൈതക്കൊല്ലി പ്രദേശത്തുകാരുടെ ഏക ആശ്രയമായ കമ്പമല പാലത്തിന്റെ സമീപത്തെ റോഡ്. പുതിയ റോഡ് ഉടന്‍ വരുമെന്ന പല്ലവിക്കൊടുവില്‍ നാട്ടുകാര്‍ തടികള്‍ നിരത്തി താല്‍ക്കാലിക റോഡ് നിര്‍മിക്കുകയായിരുന്നു. എന്നാല്‍ ഇതു ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. 

നിലവില്‍ പാലത്തിന്റെ ഇരുഭാഗത്തും മരത്തടി നിരത്തിവെച്ച് അതിലൂടെയാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നതും വാഹനങ്ങള്‍ ഓടുന്നതും. മരത്തടികള്‍ ജീര്‍ണിച്ച് നശിച്ചതിനാല്‍ ഇതിലൂടെയുളള വാഹനയാത്ര അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. 2018ല്‍ കുത്തിയൊലിച്ചെത്തിയ മലവെള്ളം റോഡ് പേരിന് പോലും അവശേഷിപ്പിച്ചില്ല. മാസങ്ങളോളം നാട്ടുകാരുടെ യാത്ര നിലച്ചു. അധികൃതര്‍ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ 'മരത്തടി റോഡ്' നിര്‍മിച്ചത്.  

നീണ്ട കാലത്തെ ആവശ്യത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പാണ് പാലം തന്നെ നിര്‍മിച്ചത്. ശ്രീലങ്കന്‍ തമിഴ് വംശജരായ തൊഴിലാളികള്‍ താമസിക്കുന്ന കമ്പമലയിലേക്ക് പോകാനുള്ള ഏക വഴിയാണിത്. മരത്തടികള്‍ നിരത്തിയതിനാല്‍ തന്നെ വീട് നിര്‍മാണം പോലെയുള്ള ആവശ്യങ്ങള്‍ക്കുള്ള ഭാരവാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ കഴിയില്ല. അതിനാല്‍ തന്നെ മെറ്റല്‍, കല്ല് തുടങ്ങിയ സാധനങ്ങള്‍ ചുമന്ന് കൊണ്ടുപോകുകയാണ് പലരും. ഇതിന് സാധിക്കാത്തവരാകട്ടെ പണി തന്നെ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ വര്‍ഷവും പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. മഴ ശക്തി പ്രാപിക്കും മുമ്പെങ്കിലും സമീപന റോഡ് നിര്‍മിച്ചില്ലെങ്കില്‍ പാലം കൂടി ബാക്കിയുണ്ടാകുമോ എന്ന ഭീതിയും ഇവര്‍ക്കുണ്ട്.