കാസര്‍കോട്: ജുവനല്‍ ഹോം എന്ന മേല്‍വിലാസത്തില്‍ ജീവിക്കാനായൊരു ജോലി പോലും ലഭിക്കാത്ത നിരവധി പേരുടെ പ്രതിനിധിയാണ് കാസർഗോട്ടെ അനൂപ് കൃഷ്ണന്‍. തിരിച്ചറിയിൽ രേഖകളിലെല്ലാം മേൽ വിലാസം ജുവനൈൽ ഹോം എന്ന് രേഖപ്പെടുത്തിയതിനാൽ നല്ല ജോലിയോ താമസ സ്ഥലമോ ലഭിക്കുന്നില്ലെന്നാണ് അനൂപിന്‍റെ പരാതി.

ജുവനൈൽ ഹോമിൽ നിന്നും പുറത്തിറങ്ങുന്നവർ തുടർ ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളുടെ ഉത്തമ ഉദാഹരണമാണ് കാസർഗോട്ടെ അനൂപ് കൃഷ്ണൻ.  27 വയസായി അനൂപിന്.  വർഷങ്ങൾക്ക് മുമ്പ് ഉപ്പളയിലെ വീട്ടിൽ ബാലവേലയ്ക്കായി കൈമാറി, ഹരിയാന സ്വദേശിയായ അച്ഛൻ മുങ്ങി. പിന്നീട് ബാലാവകാശ പ്രവർത്തകരാണ് രക്ഷപ്പെടുത്തി ജുവനൈൽ ഹോമിലെത്തിച്ചത്. പത്താം ക്ലാസ് വരെ പഠിച്ചു. നല്ല മാർക്കും വാങ്ങി. ജോലി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനം. പക്ഷെ തിരിച്ചറിയൽ രേഖകളിലെ വിലാസം വില്ലനായെന്നാണ് അനൂപ് പറയുന്നത്.

ഇത് അനൂപിന്‍റെ മാത്രം കഥയല്ല. ജുവനൈൽ ഹോമിൽ നിന്നും ഇറങ്ങുന്ന കൂടുതൽ പേരുടേയും അവസ്ഥ ഇതാണ്. ഒരു സ്ഥിരം വിലാസം ലഭിക്കണമെന്നതാണ് പ്രധാന ആവശ്യം. എന്നാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ അവസാനിക്കുമെന്നും അനൂപ് പറയുന്നു.