ആലപ്പുഴ: ആലപ്പുഴയിൽ ജനകീയ ഭക്ഷണശാല 'പാഥേയം' പ്രവർത്തനമാരംഭിച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ജനതാ കര്‍ഫ്യൂവും ഇപ്പോള്‍ ലോക്ക് ഡൗണും പ്രഖ്യാപനത്തില്‍ വന്നപ്പോള്‍ സാധാരണക്കാരില്‍ ഉണ്ടാകാന്‍ പോകുന്ന ഭക്ഷ്യ പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാനാണ് തണ്ണീര്‍മുക്കത്തെ ജ്വാല ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷണശാല ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആയിരം ഭക്ഷണശാലകള്‍ ഓണത്തിനു മുന്‍പ് തുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഇരുപത് രൂപാ നിരക്കിലാണ് ഇവിടെ ഉച്ചഭക്ഷണം ലഭ്യമാകുക. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ വരും വര്‍ഷത്തെ ബജറ്റില്‍ ജനകീയ ഭക്ഷണശാലക്ക് തുക വകകൊളളിച്ചിരുന്നു. ബജറ്റ് പാസ്സാക്കി ഇരുപത്തി നാല് മണിക്കൂറിനുളളില്‍ പഞ്ചായത്തിന് മുന്നില്‍ തന്നെ ഉളളകെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് മാതൃകയായി. 

നൂറ്റിനാല്‍പ്പതിനാല് പ്രഖ്യാപിച്ചതിനാല്‍ ലളിതമായ ചടങ്ങില്‍ ആദ്യം തന്നെ ഇരുപത് രൂപയുമായി കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് എത്തിയത് കൗതുകമായി. ഭക്ഷണം ആവശ്യമുളള ആളുകള്‍ തലേദിവസം എട്ട് മണിക്ക് മുമ്പായി ആവശ്യപ്പെടുമ്പോള്‍ അവരുടെ വീടുകളില്‍ ഭക്ഷണം എത്തിച്ച്‌ കൊടുക്കുന്ന സംവിധാനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. 9633933288 എന്ന നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.