തിരുന്നാവായ: പ്രജനനത്തിനായി ഇണ ചേരാൻ  ആൺപൂച്ചയുടെ കൂടെ താമസിപ്പിക്കാൻ എത്തിച്ച പെൺപൂച്ച ചത്തു. ഇതോടെ പൊല്ലാപ്പായത് ആൺപൂച്ചയുടെ ഉടമയ്ക്കാണ്. വില കൂടിയ ഇനം ആയതിനാൽ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തിരുന്നാവായയിൽ പൂച്ചകളെ വളർത്തുന്ന ഫാമിൽ ക്രോസിംഗിന് എത്തിച്ച അയങ്കലം സ്വദേശിയുടെ പേർഷ്യൻ പെൺപൂച്ചയാണ് കഴിഞ്ഞ ദിവസം ചത്തത്. നേരത്തെ ഈ പൂച്ചയെ കൊണ്ട് വന്ന് പതിനഞ്ച് ദിവസം താമസിപ്പിച്ചെങ്കിലും ഫലം കാണാത്തതിനാൽ കഴിഞ്ഞ ആഴ്ച വീണ്ടും എത്തിക്കുകയായിരുന്നു.

പൂച്ച ചത്തതോടെ ഉടമ നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ  ആവശ്യപ്പെട്ട് ഫാം ഉടമയെ സമീപിച്ചെങ്കിലും അദ്ദേഹം കൈമലർത്തി. ഇതേ തുടർന്നാണ് വിഷയം പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ്  ഇരുവരെയും വിളിപ്പിച്ച് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഫാം ഉടമ മറ്റൊരു പൂച്ചയെ ചത്തുപോയ പൂച്ചയുടെ ഉടമക്ക് നൽകി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.