കറുകച്ചാല്‍: മനുഷ്യരോട് ഏറെ ഇണക്കത്തോടെ ജീവിക്കുന്ന നായകളെക്കുറിച്ച് പലപ്പോഴും കേള്‍ക്കാറുണ്ട്. പെട്ടിമുടി ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഉടമയെ തേടി ദുരന്തമുഖത്ത് അലയുന്ന നായയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ട് ഏറെ നാളുകളായില്ല. ഇതിന് പിന്നാലെയാണ് യജമാനന്‍റെ ജീവന്‍ രക്ഷിക്കാന്‍ സ്വജീവന്‍ അപകടത്തിലാക്കിയ നായയുടെ വാര്‍ത്ത എത്തുന്നത്. 

മഴയ്ക്ക് പിന്നാലെ പൊട്ടിവീണ വൈദ്യുതി ലൈനില്‍ ഉടമ കുരുങ്ങാതിരിക്കാന്‍ ജീവന്‍ നല്‍കി 'അപ്പു'. ബുധാനാഴ്ട രാവിലെ കോട്ടയം കറുകച്ചാലിലെ ചാമംപതാലിലാണ് സംഭവം.  പാല്‍ വാങ്ങാന്‍ പോവുന്നതിനിടെയാണ് ഉടമസ്ഥനെ രക്ഷിക്കാന്‍ വളര്‍ത്തുനായ ജീവന്‍ അപകടത്തിലാക്കിയത്. 

വൈദ്യുത കമ്പി നിലത്ത് വീണ് കിടക്കുന്നത് കണ്ട നായ ഉടമയായ വാഴപ്പള്ളി വിജയന്‍റെ മകന്‍ അജേഷിന് അപകടമുണ്ടാവാതിരിക്കാന്‍ വൈദ്യുത കമ്പി കടിച്ച് മാറ്റുകയായിരുന്നു. ഷോക്കേറ്റ് തെറിച്ച് വീണ നായയുടെ അടുത്തേക്ക് അജേഷ് വരുന്നത് നായ കുരച്ചുകൊണ്ട് തടഞ്ഞു. എണീറ്റ് വീണ്ടും വൈദ്യുത കമ്പി മാറ്റിയിടാനുള്ള ശ്രമത്തിനിടെ വളര്‍ത്തുനായ അപ്പുവിന് വീണ്ടും ഷോക്കേറ്റു. ഇതോടെയാണ് നായ ചത്തത്. 

നായ ശ്രദ്ധിച്ചിരുന്നില്‍ വൈദ്യുത കമ്പിയില്‍ നിന്ന് അജേഷിന് ഷോക്കേല്‍ക്കുമായിരുന്നു. കാലപ്പഴക്കം മൂലമാണ് വൈദ്യുത കമ്പി അജേഷിന്‍റെ വീടിന് സമീപത്തെ ഇടവഴിയില്‍ പൊട്ടിവീണത്.