തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന സ്വകാര്യ വാനുകളിലെ ജീവനക്കാരുടെ കൈവശം അശ്ലീല വീഡിയോകള്‍ കണ്ടെത്തി. സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തിയത്. വാഹനം ഓടിക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന രണ്ട് ഡ്രൈവര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

നഗരത്തിലെ  സ്വകാര്യ വാനുകളുടെ ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും പരിശോധിച്ച പൊലീസ് ഇവരില്‍ 50 പേരുടെ ഫോണുകളിലാണ് അശ്ലീല വീഡിയോകള്‍ കണ്ടെത്തിയത്. ഇവരില്‍ ചിലര്‍ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നതായും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 

കുട്ടികളെ സ്കൂളില്‍ എത്തിക്കാനായി മാതാപിതാക്കള്‍ കൂടുതലായും  ആശ്രയിക്കുന്നത് സ്വകാര്യ വാനുകളെയാണ്. സ്കൂള്‍ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയത്.  38 സ്കൂളുകളിലെ 400 ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 

കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് പരിശോധന നടത്തിയതെന്ന് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ് അറിയിച്ചു. സ്കൂള്‍ വിടുന്നതിന് മുമ്പ്  ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും ഇടയിലാണ് പരിശോധനകള്‍ നടത്തിയത്. ലോക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, ഷാഡോ പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.