ചേർത്തല: കുട്ടനാട്ടിലെ പ്രളയ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി കാജൽ ദത്തിന്റെ ചിത്രപ്രദർശനം. ദുരന്തം ഏറെ ബാധിച്ച കുട്ടനാട്, കൈനകരി എന്നീ സ്ഥലങ്ങളിലെ പ്രളയ ദുരന്തത്തിന്‍റെ തീവ്രത പതിഞ്ഞ 25-ഓളം ചിത്രങ്ങളാണ് വേറിട്ടൊരു പ്രദർശനത്തിന് വേദിയായത്. ചേർത്തല തിരുവിഴ സ്വദേശിയാണ് കാജൽദത്ത്.

ചേർത്തല തെക്ക് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും അതിജീവനത്തിന്റെയും പാഠം ഉൾകൊള്ളാനും ബോധ്യപ്പെടുത്തുവാനുമാണ് സ്കൂളിന്റെ നേതൃത്വത്തിൽ ചിത്രപ്രദർശനം ഒരുക്കിയത്. പ്രളയക്കെടുതി ക്യാമറയിൽ പകർത്താനായി വിവിധയിടങ്ങളിൽ വള്ളത്തിൽ പോയതും പിന്നീട് തിരിച്ച് വരുവാൻ പറ്റാത്ത സ്ഥിതിയിൽ അകപ്പെട്ട് പോയ സംഭവവും കാജൽ ദത്ത് കുട്ടികളുമായിപങ്കുവച്ചു. പ്രകൃതി ദുരന്തങ്ങൾ നമുക്ക് തരുന്ന പാഠങ്ങൾ പ്രകൃതിയോടും മനുഷ്യരോടും ചേർന്ന് നിൽക്കാനുള്ള സന്ദേശമാണെന്ന് കാജൽ ദത്ത് പറയുന്നു. കൂടാതെ കാജൽ ദത്തിന്റെ വാഴ്സാപ്പ് കൂട്ടായ്മ ചേർത്തല തെക്ക് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വായനശാലയ്ക്കായി 10,000 രൂപ വിലമതിയ്ക്കുന്ന പുസ്തകങ്ങളും നൽകി.

പ്രളയ ദുരന്തങ്ങൾ പകർത്തിയ 1500-ഓളം ചിത്രങ്ങളിൽ നിന്നാണ് 25 ചിത്രങ്ങൾ പ്രദർശനത്തിന് ഒരുക്കിയത്. തൃപ്പൂണിത്തറ ആർഎൽവി കോളേജിൽ നിന്നും ബിഎഫ്എ പൂർത്തിയാക്കിയ കാജലിന്റെ ആദ്യ ചിത്ര പ്രദർശനം ഡൽഹിയിലെ നേബ്സരായിലായിരുന്നു. തുടർന്ന് പതിനാല് ജില്ലകളിലും പ്രദർശനം സംഘടിപ്പിച്ചിരുന്നു. ചിത്രപ്രദർശനം പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഫെയ്സ്ബുക്ക് പേജിലും (KAJALDETHARTS) ചിത്രങ്ങൾ കാണാൻ അവസരമുണ്ട്.