അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ' പുറത്തിറക്കിയ 2019 വര്‍ഷത്തെ കലണ്ടറിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഫ്രാങ്കോയുടെ ജന്മദിനം സൂചിപ്പിച്ചാണ് ചിത്രം നല്‍കിയിരിക്കുന്നത്. 

തൃശൂർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചിത്രം കലണ്ടറില്‍ അച്ചടിച്ച് തൃശ്ശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാസഭ' പുറത്തിറക്കിയ 2019 വര്‍ഷത്തെ കലണ്ടറിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്രാങ്കോയുടെ ജന്മദിനം സൂചിപ്പിച്ചാണ് ചിത്രം നല്‍കിയിരിക്കുന്നത്. മാർച്ച് 25 നാണ് ഫ്രാങ്കോയുടെ ജന്മദിനം.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് റിമാന്‍റിലാകുകയും ചെയ്ത ഫ്രാങ്കോ ഇപ്പോള്‍ ഉപാധികളോടെ ജാമ്യത്തിലാണ്. 'കത്തോലിക്കാസഭ' പത്രത്തിൻറെ കലണ്ടറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഫ്രാങ്കോയെ സഭ ഇപ്പോഴും കൈവിട്ടിട്ടില്ല എന്നത് സഭയ്ക്ക് തന്നെ നാണക്കേടാണെന്നാണ് ഉയരുന്ന വിമര്‍ശനം. കുറ്റവിമുക്തനാകും വരെ ഫ്രാങ്കോയെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള സന്നദ്ധത സഭ ഇതുവരെ അറിയിച്ചിട്ടില്ലെന്നതും വിശ്വാസികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പിന് ജലന്ധര്‍ രൂപത വലിയ സ്വീകരണമൊരുക്കുകയും നന്ദി സൂചകമായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷിയായ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരിച്ചതും ഫ്രങ്കോയെ സംശയമുനയിൽ നിർത്തിയിരുന്നു. അതിനിടെയാണ് പുതുവർഷ കലണ്ടറിൽ ബിഷപ്പിന്‍റെ ജന്മദിനം ഫോട്ടോസഹിതം സ്ഥാനം പിടിച്ചത്.