ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിനകത്ത് വച്ച് കൊലചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടി പണിത വീടിന്‍റെ താക്കോല്‍ കൈമാറുന്ന ചടങ്ങിനിടെയാണ് മുഖ്യമന്ത്രി പിണറായി, വേദന കടിച്ചമര്‍ത്തി ആക്രമികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് വീട്ടുകാരോട് പറഞ്ഞത്. അഭിമന്യു ഇടതുമുന്നണിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ കരുത്തനായ നേതാവായിരുന്നു. അതുകൊണ്ടുതന്നെയാണ് മഹാരാജ കോളേജില്‍ എസ് എഫ് ഐയുടെ അറിയപ്പെടുന്ന നേതാവായി അവന്‍ മാറിയതെന്നും പിണറായി ചൂണ്ടികാട്ടി.

കോളേജില്‍ അക്രമരാഷ്ട്രീയത്തിന് തിരികൊളുത്തിയ ചില വര്‍ഗീയ ശക്തികള്‍ അവനെ കൊലപ്പെടുത്തിയതില്‍ മാതാപിതാക്കളെപോലെ പാര്‍ട്ടിക്കും ദു:ഖമുണ്ട്. എന്നാല്‍ കുടുംബത്തോട് എനിക്ക് ഒന്നേ പറയാനുള്ളു അഭിമന്യുവിനെ കൊലചെയ്ത ആക്രമികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായി നിരവധി ജീവനുകള്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അത്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നവര്‍ നേതാക്കള്‍ ഭയക്കുന്ന സമയത്ത് കോളേജ് രാഷ്ട്രിയത്തില്‍ ഇടം നേടുന്നതിനാണ് ശ്രമിക്കുന്നതെന്നും കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും പിണറായി പറഞ്ഞു.

അഭിമന്യുവിന്‍റെ മാതാപിതാക്കളുടെ പേരില്‍ സി പി എം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രി കൈമാറി. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച 'അഭിമന്യു മഹാരാജാസ്' ലൈബ്രറിയും പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു. വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്.

വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് അഭിമന്യു  സ്മരണാർത്ഥമുള്ള വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാൽപതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്. വിദ്യാഭ്യാസപരമായി പിന്നിൽ നിൽക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാൻ സ്വന്തമായൊരു വായനശാല വേണമെന്ന് അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും ഈ ആഗ്രഹം ഏറ്റെടുത്തപ്പോൾ നവീനമായൊരു വായനശാല വട്ടവടയ്ക്ക് സ്വന്തമായി. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായിട്ടാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ എത്തിയത്.

"