മൂവാറ്റുപുഴ: കൊവിഡ് 19 വ്യാപനം നിമിത്തം കനത്ത വെല്ലുവിളി നേരിടുന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ വ്യത്യസ്തമായ ചലഞ്ചുമായി അസോസിയേഷന് ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്സ് കേരളയും കേരള പൈനാപ്പിള്‍ ഫാമേഴ്സ് അസോസിയേഷനും. പൈനാപ്പിള്‍ ചലഞ്ച് എന്ന പേരില്‍ കൊവിഡ് 19 സാരമായി ബാധിച്ച കൈതച്ചക്ക വ്യവസായത്തെ സഹായിക്കാനാണ് നീക്കം. 

തൊടുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം, പെരുമ്പാവൂര്‍, അങ്കമാലി,  മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള കൈതച്ചക്ക വിലക്കുറവില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ് ചലഞ്ച്. ഇപ്പോൾ വിളവെടുപ്പിന്റെ കാലമാണ്, കൊറോണ വൈറസ് കാരണം സാധാരണ കച്ചവടങ്ങൾ നടക്കില്ല. ശേഖരിച്ചു സംഭരിച്ചുവെക്കാൻ സംവിധാനങ്ങളുമില്ല. ഈ അവസരത്തില്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എ ഗ്രേഡ് പൈനാപ്പിള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതാണ് ചലഞ്ച്. 

കൊവിഡില്‍ തകര്‍ന്നടിഞ്ഞ് സംസ്ഥാനത്തെ പൈനാപ്പിള്‍ വിപണി. രാജ്യത്തെ പ്രധാന മാര്‍ക്കറ്റുകളെല്ലാം പൂട്ടിയതോടെ കൈതച്ചക്ക കയറ്റുമതി നിലച്ചു. ചുരുങ്ങിയത് 100 കോടി രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ കണക്കാക്കുന്നത്. കൈതച്ചക്ക കയറ്റുമതിയിലൂടെ ഒരു വര്‍ഷം സംസ്ഥാനത്തേക്ക് എത്തുന്നത് 1000 കോടി രൂപ ആയിരുന്നു.

പൈനാപ്പിള്‍ മാര്‍ക്കറ്റായ വാഴക്കുളത്ത് മാത്രം ഒരു ദിവസത്തെ കച്ചടവടത്തിലൂടെ ഒന്നരക്കോടി രൂപ ലഭിച്ചിരുന്നു. ഇതെല്ലാം കൊവിഡ് 19 എന്ന മഹാമാരി തകര്‍ത്തിരിക്കുകയാണ്. അവധിക്കാല കച്ചവടം ലക്ഷ്യമിട്ട് വേനല്‍ക്കാലത്ത് വലിയ തുക മുടക്കി ജലസേചനം നടത്തി കൃഷിയിറിക്കിയ കര്‍ഷകര്‍ക്കെല്ലാം ഇരുട്ടടി കിട്ടിയ അവസ്ഥയാണ്.