കിടങ്ങൂരിലെ ബിജെപി-യുഡിഎഫ് സഖ്യം സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് പി ജെ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിക്കൊപ്പം ഭരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം: കിടങ്ങൂരിലെ ബിജെപി-യുഡിഎഫ് സഖ്യത്തിനെതിരെ കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. കിടങ്ങൂരിലെ ബിജെപി-യുഡിഎഫ് സഖ്യം സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് പി ജെ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രാദേശിക തലത്തിൽ മാത്രമുള്ള ധാരണയാവുമെന്നും ഇത് തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കൊപ്പം ഭരിക്കില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള റിഹേഴ്സൽ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മണ്ഡലത്തിന് സമീപ പഞ്ചായത്തായ കിടങ്ങൂരിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യുഡിഎഫ്-ബിജെപി സഖ്യം. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തു. ഇടതുമുന്നണിയിലെ ഇഎം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജോസഫ് ഗ്രൂപ്പുകാരനായ യുഡിഎഫ് നേതാവ് ബിജെപിയുടെ പിന്തുണയോടെ പ്രസിഡന്റായത് പുതുപ്പള്ളിയിലെ യുഡിഎഫ് ബി ജെപി സഖ്യത്തിന് തെളിവാണെന്ന് സി പി എം ആരോപിച്ചു. ഇതിനിടെ ചങ്ങനാശേരി നഗരസഭ ഭരണം കൂറുമാറിയ കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫ് നേടി. 

Also Read: കിടങ്ങൂരിൽ യുഡിഎഫ് - ബിജെപി സഖ്യം, ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി

അതേസമയം, ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള യുഡിഎഫ് റിഹേഴ്സലാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയിലും നടന്നതിൻ്റെ തനി ആവർത്തനമാണിത്. ഇന്ന് പുതുപ്പള്ളിയിൽ എത്തുന്ന യുഡിഎഫ് നേതൃത്വം കിടങ്ങൂർ ബിജെപി സഖ്യത്തിൻ്റെ രാഷ്ട്രീയം വിശദീകരിക്കാൻ തയ്യാറാവണമെന്നും പ്രൊഫ. ലോപ്പസ് ആവശ്യപ്പെട്ടു.