കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തോട്ടം തൊഴിലാളികളായ ക്ഷീര കര്‍ഷകരുടെ മുപ്പതോളം പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്...

ഇടുക്കി: കടുവയുടെ ആക്രമണത്തില്‍ നട്ടം തിരിഞ്ഞ് തോട്ടം മേഖലയും ക്ഷീര കര്‍ഷകരും. കഴിഞ്ഞ വര്‍ഷത്തിനിടയില്‍ മൂന്നാറിലെ എസ്‌റ്റേറ്റ് പ്രദേശങ്ങളില്‍ കടുവ ആക്രണമണത്തിന് ഇരയായി കൊല്ലപ്പെട്ടത് 30 പശുക്കള്‍. കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളും കൊല്ലപ്പെട്ട പശുക്കളുടെ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്ന നടപടികളും വേഗത്തിലാക്കണമെന്ന ആവശ്യം ഉയരുന്നു. തോട്ടം മേഖലയായ മൂന്നാറിലെ എസ്‌റ്റേറ്റുകളിലെ കടുവയുടെ ആക്രമണത്തില്‍ തങ്ങളുടെ കന്നുകാലികളെ രക്ഷിക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തോട്ടം തൊഴിലാളികളായ ക്ഷീര കര്‍ഷകരുടെ മുപ്പതോളം പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ലോക്കാട് എസ്‌റ്റേറ്റിലെ കാളിയമ്മയുടെ മൂന്നു പശുക്കളാണ് കൊല്ലപ്പെട്ടത്. മാസവരുമാനത്തില്‍ നിന്നു ലഭിക്കുന്ന തുക വീട്ടുചിലവുകള്‍ നിര്‍വ്വഹിക്കുന്നതിനു പുറമേ മക്കളുടെ മികച്ച വിദ്യാഭ്യാസത്തിനും ഇതര ആവശ്യങ്ങള്‍ക്കും പണം കണ്ടെത്തുവാനാണ് എസ്റ്റേറ്റ് തൊഴിലാളികള്‍ പശുക്കളെ വളര്‍ത്തുന്നത്. 

പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാല്‍ മൂന്നാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പാല്‍ ഉദ്പാദക സഹകരണ സംഘത്തിനു വിറ്റാണ് ഈ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി കടുവയുടെ ആക്രമണം മൂലം ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സൊസൈറ്റിയുടെ പ്രസിഡന്റ് ഗുരുസാമി പറഞ്ഞു.

പശുക്കള്‍ കൊല്ലപ്പെടുന്നതുമൂലം പാല്‍ സംഭരണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം 5600 ലിറ്റര്‍ സംഭരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 4500 ലിറ്റര്‍ മാത്രമാണ് സംഭരിക്കാനാവുന്നത്. അതായത് 1100 ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതാണ് ഈ കണക്കുകള്‍. സര്‍ക്കാരും അനുബന്ധ വകുപ്പുകളും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിച്ച് ക്ഷീര കര്‍ഷകരെയും അവരുടെ കന്നുകാലികളെയും സംരക്ഷിക്കണമെന്നമെന്നാണ് ആവശ്യം ഉയരുന്നത്.