പാടങ്ങളിലേക്കും വീടുകളിലേക്കും കുടിവെള്ളമെത്തിക്കാന്‍ സ്ഥാപിച്ച പൈപ്പുകളും കാട്ടുതീയില്‍ കത്തിയമര്‍ന്നു. 

ഇടുക്കി: കടുത്ത വേനല്‍ ചൂടില്‍ വരണ്ടുണങ്ങി വട്ടവടയിലെ പച്ചക്കറി പാടങ്ങള്‍. ടണ്‍ കണക്കിന് പച്ചക്കറികള്‍ ഓരോ സീസണിലും സംസ്ഥാനത്തിനകത്തും പുറത്തും എത്തിക്കുന്ന വട്ടവടയെ ഇത്തവണ കാട്ടുതീ ചതിച്ചു. കര്‍ഷകര്‍ നട്ടുപിടിപ്പിച്ച ഹെക്ടറുകണക്കിന് യൂക്കാലിത്തോട്ടങ്ങളെയാണ് കഴിഞ്ഞദിവസത്തെ തീവിഴുങ്ങിയത്. 

പാടങ്ങളിലേക്കും വീടുകളിലേക്കും കുടിവെള്ളമെത്തിക്കാന്‍ സ്ഥാപിച്ച പൈപ്പുകളും കാട്ടുതീയില്‍ കത്തിയമര്‍ന്നു. ഇതോടെ പഞ്ചായത്ത് ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നതും കാത്ത് കുടങ്ങളുമായി കാത്ത് നില്‍ക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍. വെള്ളക്ഷാമം രൂക്ഷമായതോടെ പാടങ്ങള്‍ വരണ്ടുണങ്ങിയ നിലയിലാണ്. 

വട്ടവടയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും എത്തുന്ന ജലസ്ത്രോതസുകളെ ആശ്രയിച്ചാണ് കര്‍ഷകര്‍ വട്ടവടയില്‍ ക്യഷിയിറക്കുന്നത്. എന്നാല്‍ അരുവികള്‍ വറ്റിയതോടെ താഴ്വാരങ്ങളില്‍ വെള്ളമെത്തിയില്ല. പാടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് പൈപ്പുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് പി. രാമരാജ് ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും നാമമാത്രമായ തുകനല്‍കാമെന്ന് അറിയിക്കുകയായിരുന്നു.

 കളക്ടര്‍ അനുവധിച്ച തുക ഉപയോഗപ്പെടുത്തി പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് കമ്മറ്റി. അടുത്ത സാമ്പത്തികവര്‍ഷത്തെ പണം അനുവധിച്ചുനല്‍കിയാല്‍ വെള്ളമെത്തിക്കാന്‍ കഴിയുമെന്നും ഇവരില്‍ ചിലര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.