എടത്വായിൽ പന്തുകളി കഴിഞ്ഞ് കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങിത്താഴ്ന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഷാരോൺ സെബാസ്റ്റ്യനും മൈക്കിൾ സി സിജോയും ചേർന്ന് വിദ്യാർത്ഥിയെ സാഹസികമായി രക്ഷപ്പെടുത്തി. 

എടത്വാ: തോട്ടിൽ മുങ്ങിത്താഴ്ന്ന പ്ലസ് വൺ വിദ്യാര്‍ത്ഥിയെ സാഹസികമായി സുഹൃത്തുക്കൾ രക്ഷിച്ചു. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയെയാണ് കൂട്ടുകാരായ പച്ച പടിഞ്ഞാറേ കാട്ടുങ്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ഷാരോൺ സെബാസ്റ്റ്യൻ, പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകൻ മൈക്കിൾ സി സിജോ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ചശേഷം സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികൾ.

Add Asianetnews as a Preferred SourcegooglePreferred

നീന്തുന്നതിനിടെ ആഴമേറിയ സ്ഥലത്ത് മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിയെ കൂടെയുണ്ടായിരുന്ന മൈക്കിൾ പിടിച്ചുവലിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് കഴിഞ്ഞില്ല. മറ്റു കുട്ടികളുടെ അലർച്ച കേട്ട് ഓടിയെത്തിയ ഷാരോൺ, മൈക്കിളിനൊപ്പം ചേർന്ന് വിദ്യാര്‍ത്ഥിയെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. പച്ച അമർ ജവാൻ ട്രോഫി നടക്കുന്ന നട്ടായത്തിൽ കഴിഞ്ഞ വള്ളംകളി സീസണിൽ ആഴംകൂട്ടിയിരുന്നു. ഇവിടെയാണ് വിദ്യാര്‍ത്ഥി അപകടത്തില്പെട്ടത്.