ഇന്ന് രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ പുലര്‍ച്ചെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുക

തൃശൂര്‍: പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 14ന് ഗുരുവായൂരിലെത്തിയ മോദി പ്രത്യേക നേര്‍ച്ചകള്‍ നടത്തിയാണ് മടങ്ങിയത്. അന്ന് താമരപൂക്കള്‍ക്കൊണ്ടുള്ള തുലാഭാരമായിരുന്നു ക്ഷേത്ര സന്ദര്‍ശനത്തിലെ മോദിയുടെ പ്രധാനപ്പെട്ട നേര്‍ച്ച. ഒരു ദശാബ്ദത്തിനിപ്പുറം മോദി വീണ്ടുമെത്തുമ്പോള്‍ അതേ നേര്‍ച്ച തന്നെയാണ് മോദിയെ കാത്തിരിക്കുന്നത്.

ഇക്കുറിയും താമരപൂക്കള്‍ക്കൊണ്ട് തുലാഭാരം നടത്തിയ ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. കദളിപ്പഴം കൊണ്ടും 2008 ല്‍ മോദിക്ക് തുലാഭാരം നടത്തിയിരുന്നു. ഇന്ന് രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ പുലര്‍ച്ചെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുക. മോദിക്ക് തുലാഭാരം നടത്താന്‍ നാഗര്‍കോവിലില്‍ നിന്നാകും താമരപ്പൂക്കളെത്തുക. 112 കിലോ താമരപ്പൂക്കളാണ് ഇന്ന് രാത്രിയോടെ ഗുരുവായൂരിലെത്തിക്കുക.

അതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂരില്‍ മറ്റുഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ രാവിലെ ഒമ്പതുമുതല്‍ ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ ആരെയും കടത്തിവിടില്ല. 10 മണി മുതല്‍ 11.10 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

ഈ സമയം ക്ഷേത്രത്തിനടുത്തേയ്ക്കുപോലും ആരെയും കടത്തില്ല. കിഴക്കേ നടപ്പന്തലിലെ രണ്ടാമത്തെ കല്യാണ്ഡപത്തിനടുത്ത് ബാരിക്കേഡ് കെട്ടിക്കഴിഞ്ഞു. ശക്തമായ പൊലീസ് സന്നാഹമാണ് ഗുരുവായൂര്‍ ഹെലിപ്പാഡ് മുതല്‍ ക്ഷേത്രം വരെ ഒരുക്കിയിട്ടുള്ളത്. റോഡിന് ഇരുവശവും സ്റ്റീല്‍ വേലി കെട്ടി നിയന്ത്രിച്ചിട്ടുണ്ട്.