ആലപ്പുഴ: പോക്‌സോ കേസിലെ പ്രതിയെ ആലപ്പുഴ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടത്തി. ആലപ്പുഴ നഗരസഭ കുതിരപ്പന്തി വാര്‍ഡ് സ്വദേശി മുനീര്‍ (35) ആണ് മരിച്ചത്. ഇന്ന് പകല്‍ നാലോടെ ആലപ്പുഴ ബീച്ചിലെ കാറ്റാടി കടപ്പുറത്താണ് മൃതദേഹം കണ്ടത്. ബീച്ചിലെത്തിയ വിനോദസഞ്ചാരികളില്‍ ചിലരാണ് ആദ്യം മൃതദേഹം കണ്ടത്. ഇവര്‍ ബീച്ചിലെ ലൈഫ് ഗാര്‍ഡുകളെ വിവരമറിയിച്ചു.

തുടര്‍ന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലെ ജോലിക്കാരനാണ് മരിച്ച മുനീര്‍. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്‌സോ കേസിലെ പ്രതിയാണ്. കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണെന്ന് സൗത്ത് പൊലീസ് പറഞ്ഞു. മരണത്തില്‍ നിലവില്‍ സംശയങ്ങളൊന്നുമില്ലെന്നും ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.