നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ ഓടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയായ നിതിൻ രാജിനെ എട്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജിനെ( ജിത്തു-31) വീട്ടിൽ നിന്നും പിടികൂടി പൊലീസ്. നഗരത്തിലും പരിസരങ്ങളിലും എട്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 31-നാണ് പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് ജാമ്യാപേക്ഷ പരിഗണിക്കാൻ അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്. ജാമ്യാപേക്ഷ മാറ്റിവെച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെ, അപ്രതീക്ഷിതമായി കോടതിയിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ച പൊലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്.

പിന്നാലെ പൊലീസ് പരിസരങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. സംഭവത്തിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയ പൊലീസ്, ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് അരശുപറമ്പിലെ വീട്ടിൽ നിന്നും പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ പിടിച്ചു തള്ളുകയും അസഭ്യം പറഞ്ഞതിനും മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇയാൾ മുൻപ് കാപ്പാ കേസ് പ്രതി കൂടിയായിരുന്നെന്ന് മനസിലാക്കുകയും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ച് റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. റിമാൻഡ് ഉത്തരവ് വന്നയുടൻ പ്രതി കോടതി മുറിയിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.