തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ശ്രീലേഖ പ്രതികരിച്ചു. ശ്രീലേഖ ബോധപൂർവം പേര് വെളിപ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു.
തിരുവനന്തപുരം: യൂട്യൂബ് ചാനൽ വഴി അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപിയും നഗരസഭ കൗണ്‍സിലറുമായ ആർ ശ്രീലേക്കെതിരായ കേസിൽ വീഡിയോകള്‍ പൊലീസ് പരിശോധിക്കും. കോടതി നിർദ്ദേശ പ്രകാരമാണ് മ്യൂസിയം പൊലീസ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നും നീക്കം രാഷ്ട്രീയ പ്രേരിതമെന്നും ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
ആർ ശ്രീലേഖ ബ്ലോഗിലൂടെയും സ്വന്തം യൂട്യൂബ ചാനലിലൂടെയും അതിജീവിതകളുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് സിവിൽ റൈറ്റസ് ആൻറ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ശ്രീലേക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. കവിയൂർ- കിളിരൂർ കേസുകളിലെയും കുറുപ്പംപ്പടി സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലെയും ഇരയുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ ആവശ്യപ്പെട്ട് യൂ ട്യൂബിന് പൊലീസ് കത്ത് നൽകും. പരാമർശങ്ങള്‍ പോക്സോ പരിധിയിൽ വരുന്നതാണോയെന്നാകും അടുത്ത പരിശോധന. നിയമസഭാ തെരഞ്ഞെെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത നിൽക്കെയാണ് ശ്രീലേഖയ്ക്ക് എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോക്സോ കേസെടുക്കുന്നത്
പോക്സോ കേസ് നിലനിൽക്കില്ലെന്ന് ആര്‍ ശ്രീലേഖ
താൻ 33 വർഷം പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. പോക്സോ നിയമം വന്നപ്പോൾ വളരെയധികം സന്തോഷിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രവർത്തിക്കാൻ സാധിച്ചു. സസ്നേഹം ശ്രീലേഖ എന്ന ചാനലിൽ താൻ ചെയ്ത വീഡിയോയിൽ ബലാത്സംഗ കേസിൽ ഇരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നതിനാണ് കേസ് എടുത്തത് എന്നാണ് അറിഞ്ഞത്. പെൺകുട്ടി എസ്ഐആറിൽ പ്രായപൂർത്തിയാകാത്തത് ആയിരുന്നെങ്കിലും അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി കണ്ടെത്തിയിരുന്നു. പെൺകുട്ടി മൈനർ അല്ല 18 വയസ്സിന് മുകളിലായിരുന്നു. അതുകൊണ്ട് പോക്സോ കേസ് നിലനിൽക്കില്ല. വ്യക്തി മരണപ്പെട്ട ശേഷം പേര് പുറത്ത് പറയുന്നതിൽ ആർക്കും ഒരു വിഷമം തോന്നേണ്ട കാര്യമില്ലെന്നും ശ്രീലേഖ പറഞ്ഞു. രാഷ്ട്രീയത്തിൽ വന്നപ്പോൾ മുതൽ ഇതുപോലെയുള്ള വ്യക്തിഹത്യകൾ നടന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അതുപോലെ വിവാദം കുത്തിപ്പൊക്കാൻ കേസ് കൊടുത്തതാണെന്ന് കരുതുന്നു. ഒരിക്കലും അറിഞ്ഞുകൊണ്ട് പീഡനത്തിന് ഇരയായ വ്യക്തിക്ക് ദോഷകരമായ രീതിയിൽ ഒന്നും ചെയ്യില്ലെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീലേഖയ്ക്കെതിരെ വി ശിവന്‍കുട്ടി
അതേസമയം, ആർ ശ്രീലേഖ ബോധപൂര്‍വം പേരു വെളിപ്പെടുത്തിയതെന്ന് മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തരുത് എന്ന് അറിയാത്ത ആളല്ല ശ്രീലേഖ. ഇത് മനപ്പൂർവമാണോ ചെയ്തത് എന്ന് സംശയമുണ്ട്. നടപടികൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾ സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
