ഒരു വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു യുവതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടിലെ ഇടുങ്ങിയ കുളിമുറിയില്‍ അര്‍ദ്ധരാത്രി പ്രസവിച്ച യുവതിക്ക് രക്ഷകരായി ആദ്യമെത്തിയത് പൊലീസ് സംഘമായിരുന്നു.

കോഴിക്കോട്: വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി നല്ലളം പൊലീസും കനിവ് 108 ആംബുലൻസ് ജീവനക്കാരും. കോഴിക്കോട് നല്ലളം സുരഭി ബസ് സ്റ്റോപ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 38 വയസുകാരിയാണ് വീട്ടിലെ കുളിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി 11.45നാണു സംഭവം. സംഭവം അറിഞ്ഞെത്തിയ സമീപവാസികൾ ഉടൻ വിവരം നല്ലളം പോലീസിനെ അറിയിച്ചു. 

നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നല്ലളം ഗ്രേഡ് എസ്.ഐ രഘു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ആണ് യുവതിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. വീട്ടിലെ ഇടുങ്ങിയ കുളിമുറിയിൽ ആയിരുന്നു യുവതി കുഞ്ഞിന് ജന്മം നൽകിയത്. അതിനാൽ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി വൈദ്യസഹായം നൽകാതെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് മനസിലാക്കിയ എസ്.ഐ രഘു കുമാർ, ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. 

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ഷാഹുൽ ഹമീദ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്ൻ ജോയ് എന്നിവർ സ്ഥലത്തെത്തി. അപ്പോഴേക്കും നല്ലളം പോലീസ് അറിയിച്ചത് അനുസരിച്ച് വനിതാ ഹെൽപ് ലൈനിൽ നിന്നുള്ള രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. 

തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്ൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആംബുലൻസിലേക്ക് മാറ്റിയ അമ്മയേയും കുഞ്ഞിനേയും ആംബുലൻസ് പൈലറ്റ് ഷാഹുൽ ഹമീദ് കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Read also: പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറഞ്ഞു!; ഭീമൻ കമ്പനിക്കെതിരെ യുവാവിന്റെ നിയമയുദ്ധം, വൻതുക നഷ്ടപരിഹാരം വിധിച്ച് കോടതി

ഓണത്തിന് കുടുംബ സമേതം ഗോവക്ക് യാത്ര, തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് ദേഹാസ്വാസ്ത്യം, മരണ കാരണം ഭക്ഷ്യവിഷബാധയോ?
തിരുവനന്തപുരം : 
തിരുവനന്തപുരത്ത് മലയിൻകീഴിൽ നാലുവയസുകാരന്‍റെ മരണം ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതി. മലയിൻകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകൻ അനിരുദ്ധ് ആണ് മരിച്ചത്. ഓണാവധിക്ക് കുടുംബം ഗോവയ്ക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ച് വന്നതിന് പിന്നാലെയാണ് കുട്ടി ദേഹാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് മടങ്ങിയെത്തിയ ശേഷം ക്ഷീണിതനായ കുട്ടിയെ ആശുപത്രികളിലെത്തിച്ച് ചികിത്സ തേടിയിരുന്നു.

രക്ത പരിശോധന അടക്കം നടത്തി. പിറ്റേ ദിവസം രാവിലെയാണ് മരണം സംഭവിക്കുന്നത്. ഗോവയിൽ നിന്നും കുട്ടി ഷവർമ്മ കഴിച്ചിരുന്നുവെന്നും തിരിച്ചെത്തിയ ശേഷം ഒന്നും കഴിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് മലയികീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്