Asianet News MalayalamAsianet News Malayalam

കൊവിഡ് 19: വയനാട് തൊണ്ടർനാട്ടിൽ ജാഗ്രത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി പൊലീസും പഞ്ചായത്തും

ഒട്ടേറെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പഞ്ചായത്തിന്റെ എല്ലാ കോണുകളിലും ജാഗ്രതാസമിതിയുടെ നിരീക്ഷണം ശക്തമാക്കും. വാർഡ് അംഗങ്ങളുടെ അധ്യക്ഷതയിലുള്ള സമിതി പ്രദേശത്തെ മുഴുവൻ വീടുകളുടെയും താമസക്കാരുടെയും വിവരങ്ങൾ ശേഖരിക്കും.

police and the panchayat will intensify the vigilance activities in Wayanad
Author
Wayanad, First Published Mar 27, 2020, 9:47 AM IST

കൽപ്പറ്റ: കൊവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തൊണ്ടർനാട്ടിൽ ജാഗ്രത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി പഞ്ചായത്ത്. 'ഭയമല്ല ജാഗ്രതയാണ് വേണ്ടത്' എന്ന സന്ദേശം താഴേത്തട്ടിലെത്തിക്കാൻ പഞ്ചായത്തിൽ വാർഡുതലത്തിൽ 15 ജാഗ്രതാസമിതികൾ നിലവിൽ വന്നു. 

ഒട്ടേറെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പഞ്ചായത്തിന്റെ എല്ലാ കോണുകളിലും ജാഗ്രതാസമിതിയുടെ നിരീക്ഷണം ശക്തമാക്കും. വാർഡ് അംഗങ്ങളുടെ അധ്യക്ഷതയിലുള്ള സമിതി പ്രദേശത്തെ മുഴുവൻ വീടുകളുടെയും താമസക്കാരുടെയും വിവരങ്ങൾ ശേഖരിക്കും. നിരീക്ഷണത്തിലുള്ളവർ പുറത്തേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർക്ക് കൈമാറാൻ സമിതിക്ക് അധികാരമുണ്ട്. 

ഭക്ഷണം, അടിയന്തര വൈദ്യസഹായം എന്നിവയെല്ലാം അവശ്യഘട്ടത്തിൽ ഉറപ്പാക്കും. വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൈകഴുകാനുള്ള മാർ​ഗനിർദേശങ്ങൾ ഉൾപ്പെടെ ആദിവാസി കോളനികളിൽ നൽകിയിട്ടുണ്ട്. മതിയായ കാരണങ്ങൾ ഇല്ലാതെ റോഡിലിറങ്ങാനോ വാഹനങ്ങളിൽ യാത്ര ചെയ്യാനോ പാടില്ല. 

ഇത്തരത്തിലുള്ളവർക്കെതിരെ  തൊണ്ടർനാട് പൊലീസ് നടപടികൾ കർശനമാക്കി. നിരവിൽപ്പുഴ ചെക്പോസ്റ്റ് അടക്കം പഞ്ചായത്തിന്റെ എല്ലാ കോണുകളിലും പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. പഞ്ചായത്ത് ആസ്ഥാനമായ കോറോം അങ്ങാടിയിൽ ലോക്ഡൗൺ കർശനമായി നടപ്പാക്കും.

Follow Us:
Download App:
  • android
  • ios