തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് മാതൃകയിൽ കോഴിപ്പോര് നടത്തിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പണം​ വച്ച് കോഴിപ്പോര് നടത്തിയ 11 പേരെയും 10 കോഴികളെയും 8000 രൂപയും 30 ബൈക്കുകളുമാണ്​ നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്. കോഴികളില്‍ എട്ടെണ്ണം മത്സരത്തിനിടെയുണ്ടായ പരിക്ക് കാരണം സ്റ്റേഷനിലെത്തുമ്പോഴേക്കും ചത്തു. നെയ്യാറ്റിന്‍കര ഭാസ്‌കര്‍ നഗറില്‍ ഇഞ്ചിപ്പുല്ലുവിളയില്‍ ആളൊഴിഞ്ഞ പറമ്പിലായിരുന്നു മത്സരം. 

കൊവിഡ്​ ഭീതിക്കിടയിലും യാതൊരു ആശങ്കയും കൂടതെയാണ്​ നൂറോളംപേര്‍ പങ്കെടുത്ത മത്സരം നടത്തിയത്. ശനിയാഴ്ച രാവിലെ നടന്ന മത്സരത്തെക്കുറിച്ച് അറിഞ്ഞതോടെ രണ്ട് ജീപ്പിലും മഫ്തിയിലുമായാണ്​ പൊലീസ് സ്ഥലം അന്വേഷിച്ച് നടന്നത്. ഒരുമണിക്കൂറിലെറെ പ്രദേശം അരിച്ചുപെറുക്കിയാണ് സ്ഥലം കണ്ടുപിടിച്ചത്. മത്സരം അവസാനിക്കാറായതിനാൽ പലരും മത്സരത്തിൽ പങ്കെടുത്തശേഷം കോഴിയുമായി പോയിരുന്നു. പൊലീസ് എത്തുമ്പോൾ അവസാന റൗണ്ട് മത്സരം നടക്കുകയായിരുന്നു. 

പൊലീസിനെ കണ്ട് ആളുകൾ കോഴിയുമായി ഓടാന്‍ തുടങ്ങി. പൊലീസ് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്​ നിരവധി പേര്‍ മത്സരം കാണാനും പ​ങ്കെടുക്കാനുമെത്തിയിരുന്നു. ഒരു മണിക്കൂറിലേറെ നീളുന്നതാണ്​ ഓരോ മത്സരവും. ഏറെ വാശിയോടെയുള്ള മത്സരത്തില്‍ ഒരു കോഴിയെ എതിര്‍ ഭാഗത്തുള്ള കോഴി പോരിലൂടെ അടിച്ച് തള്ളിയിടണം. കോഴിയുടെ കാലില്‍ ​ബ്ലേഡുകളും കുപ്പിച്ചില്ലും കെട്ടി​വെച്ചാണ് മത്സരത്തിന് പങ്കെടുപ്പിക്കുന്നത്. ഇത്തരത്തില്‍ ശരീരമാസകലം മുറിവേല്‍ക്കുന്ന കോഴികള്‍ പലപ്പോഴും മത്സരത്തിനിടെ പിടഞ്ഞുചാകും.

അങ്ങനെ പരിക്കേറ്റ കോഴികളാണ് സ്റ്റേഷനിലെത്തിയപ്പോഴേക്കും ചത്തത്. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍ ടു അനിമല്‍ ആക്ട് സെക്ഷന്‍ 11 പ്രകാരവും എഫിഡമിക് ആക്റ്റ് പ്രകാരവും പിടികൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പിടികൂടിയവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നെയ്യാറ്റിന്‍കര സി.ഐ ശ്രീകുമാരന്‍ നായര്‍, എസ്.ഐ ടി.പി. ശെന്തില്‍ കുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ്​ പ്രതികളെ പിടികൂടിയത്.